കല്‍ക്കരി തീവണ്ടിയില്‍ യാത്രചെയ്യാം; ലോകത്തെ ഏറ്റവും പഴക്കമുള്ള ആവി എന്‍ജിന്‍ എറണാകുളത്ത്

കൊച്ചി: ആവി എന്‍ജിനുകളില്‍ യാത്ര ചെയ്തിട്ടില്ലാത്ത പുതു തലമുറയ്ക്ക് ആവേശം പകര്‍ന്നുകൊണ്ട്. ലോകത്തെ ഏറ്റവും പഴക്കമുള്ള കല്‍ക്കരി തീവണ്ടി എറണാകുളത്ത് നിന്ന് യാത്രയ്ക്കൊരുങ്ങുന്നു. ആവി എന്‍ജിനില്‍ ഓടിയിരുന്ന ഇഐആര്‍ 21 എന്ന കല്‍ക്കരി തീവണ്ടിയാണ് എറണാകുളം സൗത്തില്‍ നിന്ന് ഹാര്‍ബര്‍ ടെര്‍മിനസിലേക്ക് ശനിയും ഞായറും സര്‍വ്വീസ് നടത്താന്‍ തയ്യാറെടുക്കുന്നത്.

ആവി എന്‍ജിന് 163വര്‍ഷത്തെ കാലപ്പഴക്കമുണ്ട്. 55 വര്‍ഷം നീണ്ട സര്‍വീസ് അവസാനിപ്പിച്ച് ഒരു നൂറ്റാണ്ടിലധികമായി മ്യൂസിയത്തില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു തീവണ്ടി. പുനര്‍നിര്‍മ്മാണത്തിന് ശേഷമാണ് തീവണ്ടി ദക്ഷിണ റെയില്‍വേയാണ് ഏറ്റെടുക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 11 മണിക്കായിരിക്കും യാത്ര ആരംഭിക്കുന്നത്. ഒരേ സമയം നാല്‍പത് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും.

വെളളിയാഴ്ചത്തെ അവസാന ട്രയല്‍ റണ്ണിന് ശേഷമാണ് തീവണ്ടി യാത്ര ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തീവണ്ടി എന്നൊക്കെ വിശേഷിപ്പിച്ചാലും പ്രായത്തിന്റെ യാതൊരു അവശതകളും ഈ കല്‍ക്കരി തീവണ്ടിക്കില്ല എന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. വിദേശ സഞ്ചാരികള്‍ക്ക് 1000 രൂപയും ഇന്ത്യക്കാര്‍ക്ക് 500 രൂപയും 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് 300 രൂപയും അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യയാത്രയുമാണ് നിരക്ക്.

Top