കടലിലെ കാവല്‍ക്കാരായി മുത്തുച്ചിപ്പികള്‍; മലിനീകരണം തിരിച്ചറിയാനാകുമെന്ന് പഠനം

അര്‍കാകോണ്‍: പരിസ്ഥിതി മലിനീകരണം മനസ്സിലാക്കാന്‍ മുത്തുച്ചിപ്പികളെക്കൊണ്ട് സാധിക്കുമെന്ന് പഠനം. ഖനികളിലെ കാര്‍ബണിന്റെ അംശം മനസ്സിലാക്കാന്‍ മുത്തുച്ചിപ്പിയുടെ നിരീക്ഷണത്തിലൂടെ സാധിക്കുമെന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് വിപുലമായ പഠനങ്ങള്‍ നടന്നത്. ദിവസവും വളരെ വലിയ അളവില്‍ വെള്ളമാണ് മുത്തുച്ചിപ്പികള്‍ ഉപയോഗിക്കുന്നത്. അതിനാല്‍, ചെറിയ തരികളായുള്ള മാലിന്യങ്ങള്‍ പോലും അവയില്‍ കുടുങ്ങിക്കിടക്കുന്നു. ഇത് പരിശോധിച്ചാല്‍ ജലത്തില്‍ എത്ര അളവില്‍ മാലിന്യമുണ്ടെന്ന് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും.

ഖനികളില്‍ ചെറിയ വിള്ളലുകളുണ്ടെങ്കില്‍ മുത്തുച്ചിപ്പികളെ ഉപയോഗിച്ച് കണ്ടെത്താന്‍ സാധിക്കും. അതിനാല്‍, വലിയ എണ്ണച്ചോര്‍ച്ചകള്‍ തുടക്കത്തിലെ കണ്ടെത്തി പരിഹരിക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

ശബ്ദവ്യത്യാസങ്ങള്‍, ചൂട്, വെളിച്ചം തുടങ്ങിയവ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്ന ജീവികളാണ് മുത്തുച്ചിപ്പികള്‍. അത് കൊണ്ട്, ജലാശയങ്ങളിലെ മാറ്റങ്ങള്‍ പെട്ടെന്ന് കണ്ടെത്താന്‍ ഇവയെ നിരീക്ഷിക്കുന്നതിലൂടെ സാധിക്കുമെന്ന് ഫ്രാന്‍സിലെ സിഎന്‍ആര്‍എസ് ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞന്‍ വ്യക്തമാക്കി.

വെള്ളത്തിലെ എണ്ണ വ്യത്യാസത്തിനെതിരെ മുത്തുച്ചിപ്പികള്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന ഗവേഷണം 2011ലാണ് ആരംഭിക്കുന്നത്. അതി സൂഷ്മമായ പ്രതികരണങ്ങള്‍ വിലയിരുത്തി മലിനീകരണത്തിന്റെ തോതും ജീവികളിലെ മാറ്റവും രേഖപ്പെടുത്തുന്നതായിരുന്നു പഠനം. യൂണിവേഴ്‌സിറ്റി ഓഫ് ബോര്‍ഡെക്‌സിന്റെ നേതൃത്വത്തിലായിരുന്നു ഇത്. ജീവശാസ്ത്രജ്ഞര്‍, ഗണിത ശാസ്ത്രജ്ഞര്‍, കമ്പ്യൂട്ടര്‍ വിദഗ്ധര്‍ തുടങ്ങിയവര്‍ പഠനത്തില്‍ പങ്കാളികളായിരുന്നു.

കൃത്രിമ ആവാസ വ്യവസ്ഥയൊരുക്കി അതില്‍ പ്രത്യേകം മുത്തുച്ചിപ്പികളെ വളര്‍ത്തിയാണ് സംഘം പഠനം നടത്തിയത്. ഓരോ ജീവികളില്‍ നിന്നും പ്രത്യേക ട്യൂബുകളും ശാസ്ത്രജ്ഞര്‍ ഘടിപ്പിച്ചിരുന്നു. ഓരോ നിമിഷവും ഇവ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് കൃത്യമായി വിലയിരുത്തുന്നതിന് വേണ്ടിയായിരുന്നു ഇത്.

വലിയ അളവില്‍ മാലിന്യമുള്ള വെള്ളമാണെങ്കില്‍ ഈ ജീവികളുടെ ദഹന ഭാഗം അതിവേഗത്തില്‍ വികസിക്കും. കടലിലെ അതിസൂക്ഷ്മ മലിനീകരണങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാനും നടപടിയെടുക്കാനും ഈ ഗവേഷണത്തിലൂടെ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. 2 മില്യണ്‍ ഡോളറാണ് പഠനത്തിനായി ചെലവാക്കിയത്.

അബുദാബിയില്‍ മുത്തുച്ചിപ്പിയെക്കൊണ്ടുള്ള പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഖത്തര്‍ തീരങ്ങളിലും ഇത് ആവര്‍ത്തിക്കാനാണ് സംഘത്തിന്റെ തീരുമാനം.

Top