വിക്രമിൽ സൂര്യ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ

വിക്രം സിനിമയിൽ പ്രേക്ഷകരെ ഞെട്ടിക്കുന്ന പ്രകടനമാണ് സൂപ്പർതാരം സൂര്യ കാഴ്ചവച്ചത്. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സിനിമയിൽ വെറും അഞ്ച് മിനിറ്റ് മാത്രമാണ് താരം പ്രത്യക്ഷപ്പെടുന്നതെങ്കിലും തന്റെ അഭിനയം കൊണ്ട് ആ കഥാപാത്രത്തെ സൂര്യ മറ്റൊരു തലത്തിലെത്തിച്ചു.

റോളക്സ് എന്ന കൊടും വില്ലനായി സൂര്യ എത്തുന്നു. സിനിമയുടെ ഏറ്റവും വലിയ സംസാരവിഷയവും അതുതന്നെയാണ്. വിക്രമിലെ അതിഥി വേഷത്തിന് സൂപ്പർസ്റ്റാർ സൂര്യയുടെ പ്രതിഫലത്തെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നു കഴിഞ്ഞു. വിക്രമിലെ തന്റെ കഥാപാത്രത്തിനു വേണ്ടി ഒരുപൈസ പോലും സൂര്യ പ്രതിഫലമായി വാങ്ങിച്ചിട്ടില്ല. തമിഴിലെ പ്രശസ്ത നിരൂപകനായ പ്രശാന്ത് രംഗസ്വാമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ജീവിതത്തിലെ തന്റെ പ്രചോദനമായ കമൽഹാസനു വേണ്ടിയുള്ള ആദരസൂചകമായാണ് സൂര്യ ഈ കഥാപാത്രം ഏറ്റെടുത്തതെന്നും ആരാധകർ പറയുന്നു. കമൽഹാസന്റെ കടുത്ത ആരാധകനാണ് സൂര്യ ശിവകുമാർ.

വിക്രം 3യിൽ വില്ലനായാകും സൂര്യ എത്തുന്നത്. മൂന്നാം ഭാഗം ഉണ്ടാകുമെന്ന് കമൽഹാസനും ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ നിന്നും മറ്റാരൊക്കെ വിക്രം 3യിൽ ഉണ്ടാകുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Top