മാരുതി സുസുക്കി ജിംനിയുടെ 5- ഡോർ പതിപ്പ് ഇതാ ഇന്ത്യയിൽ

അടുത്ത വർഷം രാജ്യത്തെ വാഹനവിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ എസ്‌യുവി ലോഞ്ചുകളില്‍ ഒന്നാണ് മാരുതി സുസുക്കി ജിംനിയുടേത്. 2020 ഓട്ടോ എക്‌സ്‌പോയിൽ കമ്പനി അതിന്റെ 3-ഡോർ പതിപ്പ് പ്രദർശിപ്പിച്ചിരുന്നു. എന്നാല്‍ ഈ ഓഫ്-റോഡ് എസ്‌യുവിയുടെ 5-ഡോർ പതിപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

5-വാതിലുകളുള്ള മാരുതി ജിംനി ജനുവരിയിൽ 2023 ഓട്ടോ എക്‌സ്‌പോയിൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും. തുടർന്ന് 2023-2024 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തിൽ ലോഞ്ച് ചെയ്യും. ഔദ്യോഗിക അനാച്ഛാദനത്തിന് മുന്നോടിയായി കമ്പനി രാജ്യത്ത് വാഹനത്തിന്റെ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്.

അഞ്ച് ഡോർ മാരുതി ജിംനി അതിന്റെ മൂന്ന് ഡോർ പതിപ്പിനേക്കാൾ 300 എംഎം നീളമുള്ളതായിരിക്കും. ഇതിന്റെ വീൽബേസും 300 എംഎം വർധിപ്പിക്കും. ഓഫ് റോഡ് എസ്‌യുവിക്ക് 3850 എംഎം നീളവും 1645 എംഎം വീതിയും 1730 എംഎം ഉയരവും 2550 എംഎം വീൽബേസും ഉണ്ടാകും.

മാനുവൽ (5-സ്പീഡ്), ഓട്ടോമാറ്റിക് (6-സ്പീഡ്) ഗിയർബോക്‌സ് ഓപ്ഷനുകളുള്ള ബ്രാൻഡിന്റെ 1.5L K15C ഡ്യുവൽജെറ്റ് എഞ്ചിൻ ഓഫ്-റോഡ് എസ്‌യുവിയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഥാറിന് സമാനമായി, 4WD സിസ്റ്റത്തിനായുള്ള മാനുവൽ ഓപ്പറേറ്റഡ് ട്രാൻസ്ഫർ കെയ്സുമായാണ് ജിംനി എത്തുന്നത്.

Top