കോൺഗ്രസിന് തിരിച്ചടി ; നാഷണൽ ഹെറാൾഡ് കെട്ടിടം ഒഴിയണമെന്ന് കോടതി

ന്യൂഡല്‍ഹി : നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ കെട്ടിടം ഒഴിയാനുള്ള ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തളളി. 2 ആഴ്ചയ്ക്കകം കെട്ടിടം ഒഴിയണമെന്ന സിംഗിള്‍ ബഞ്ചിന്റെ വിധിക്കെതിരെയാണ് കോണ്‍ഗ്രസ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചിരുന്നത്.

അസോസിയേറ്റ് ജേര്‍ണലിന്റെ ഉടമസ്ഥതയിലുള്ള നാഷണല്‍ ഹെറാള്‍ഡിന്റെ ഓഹരികള്‍ സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും അംഗങ്ങളായ യംങ് ഇന്ത്യ കമ്പനിയിലേക്ക് മാറ്റിയിരുന്നു.

ദിനപത്രം പ്രസിദ്ധീകരിക്കാനാണ് 1962ല്‍ അസോസിയേറ്റ് ജേര്‍ണലിന് കെട്ടിടം ലീസിന് നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ പത്രം പ്രസിദ്ധീകരിക്കുന്നില്ലെന്ന് കാണിച്ച് കേന്ദ്ര നഗരവികസന മന്ത്രാലയം കെട്ടിടം ഒഴിയാന്‍ നോട്ടീസ് നല്‍കുകയായിരുന്നു.

56 വര്‍ഷത്തെ പാട്ടക്കാലാവധി അവസാനിച്ചതിനു പിന്നാലെയായിരുന്നു ഇത്. പ്രസ് എന്‍ക്ലേവ് വളപ്പില്‍നിന്ന് നവംബര്‍ 15നകം ഒഴിയാനായിരുന്നു നിര്‍ദേശം.

ഇത് ചോദ്യംചെയ്തുള്ള ഹര്‍ജി നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. 1967 മുതല്‍ സ്ഥാപനം ഇവിടെയാണ് പ്രവര്‍ത്തിച്ചു വന്നത്.

നാഷനല്‍ ഹെറാള്‍ഡ്, ഹിന്ദി പത്രമായ നവജീവന്‍, ഉര്‍ദുവിലുള്ള ഖൗമി ആവാസ് എന്നിവയുടെ ഓണ്‍ലൈന്‍ പതിപ്പാണ് ഇപ്പോള്‍ ഇറങ്ങുന്നത്.

2012ല്‍ നാഷണല്‍ ഹെറാള്‍ഡിന് വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് പരാതി നല്‍കിയത്. അനധികൃതമായി 90 കോടി വായ്പ അനുവദിച്ചെന്നായിരുന്നു ആരോപണം.

Top