കാലിഫോര്‍ണിയയില്‍ ഹെപ്പറ്റൈറ്റിസ് എ ; ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ലോസ് ഏഞ്ചല്‍സ്: കാലിഫോര്‍ണിയയില്‍ ഹെപ്പറ്റൈറ്റിസ് എ പടരുന്നതിനാല്‍ അടിയന്തരാവസ്ഥ. ഗവര്‍ണര്‍ ജെറി ബ്രൗണാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

രോഗബാധയെ തുടര്‍ന്ന് 18 മരണമാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. പ്രതിരോധ വാക്‌സിന്റെ അഭാവത്തിലാണ് പുതിയ നീക്കം.

581 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. രോഗത്തില്‍ നിന്ന് മുക്തി നേടാന്‍ സമയമെടുക്കുമെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന സൂചന. വാക്‌സിനേഷന്‍ മാത്രമാണ് ഹെപ്പറ്റൈറ്റിസ് എ തടയാനുള്ള ഏക പോംവഴിയെന്ന് പൊതുആരോഗ്യ ഡയറക്ടര്‍ ഡോ. കരണ്‍ സ്മിത്ത് അറിയിച്ചു.

രോഗം റിപ്പോര്‍ട്ട് ചെയ്തവരില്‍ മിക്കവരും ഭവനരഹിതരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമാണ് എന്നത് പകര്‍ച്ചവ്യാധി തടയുന്നതിനെ പ്രതികൂലമായി ബാധിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ അധികൃതര്‍ തയ്യാറായത്.

ഹെപ്പറ്റൈറ്റിസ് എ പകരുന്നത് മലിനമായ ഭക്ഷണത്തില്‍ നിന്നാണ്. രോഗം പകരുന്നത് തടയാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും ലക്ഷണങ്ങള്‍ കാണിക്കുന്ന സമയം തന്നെ ചികിത്സ തേടുകയാണെങ്കില്‍ ഒരു പരിധിവരെ നിയന്ത്രിക്കാം. വൈറസ് ബാധിച്ചാല്‍ രോഗ ലക്ഷണം പ്രകടമാകാന്‍ 2 മുതല്‍ 6 ആഴ്ചവരെ വേണ്ടിവരുന്നു.

Top