ഹെന്ററി എഫ്. ഡി സിയോ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുമായി സംവദിക്കുന്നു; നാളെ തത്സമയം

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ തെരഞ്ഞെടുപ്പ് ക്യാമ്പയിനിനു നേതൃത്വം നല്‍കിയ ഹെന്ററി എഫ്. ഡി സിയോ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുമായി സംവദിക്കുന്നു.

ബരാക് ഒബാമയെ പ്രസിഡന്റ് പദവിയില്‍ എത്തിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച ‘ഒബാമ ഫോര്‍ അമേരിക്ക’ എന്ന ലോകപ്രസിദ്ധമായ ക്യാമ്പയിന്‍ ആസൂത്രണം ചെയ്യുന്നതിലും സംഘടിപ്പിക്കുന്നതിലും പ്രധാന പങ്കു വഹിച്ചവരില്‍ ഒരാളാണ് ഹെന്ററി എഫ്. ഡി സിയോ, ജൂനിയര്‍.

അദ്ദേഹം ഒരു ഗ്രന്ധകാരനും പ്രഗത്ഭനായ ഇന്നൊവേഷന്‍ സ്ട്രാറ്റജിസ്റ്റുമാണ്. മാത്രമല്ല വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഡെപ്യൂട്ടി അസിസ്റ്റന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വ്യക്തികളെയും സംഘടനകളെയും മാറ്റത്തിന്റെ വക്താക്കളായി മാറ്റുന്നതിനു മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതില്‍ വ്യാപൃതനാണ് ഇപ്പോള്‍ അദ്ദേഹം.

ഇപ്പോഴിതാ തിരഞ്ഞെടുത്ത അഞ്ചു എസ് പി സി കേഡറ്റുകള്‍ ഹെന്റിയുമായി ഓണ്‍ലൈനില്‍ സംവദിക്കുന്നു. ദിയ നായര്‍,ഗോപിക പ്രകാശ്, ആദിയ സിലിയ, ജാന്‍വി കൃഷ്ണ, ആദിത്യന്‍ തുടങ്ങിയ കേഡറ്റുകള്‍ ആണ് അദ്ദേഹവുമായി സംവദിക്കുന്നത്. പ്രാപ്തിയും ഉത്തരവാദിത്വ ബോധവുമുള്ള മാറ്റത്തിന്റെ വക്താക്കളെ സൃഷ്ടിച്ചെടുക്കുന്ന എസ് പി സി പദ്ധതിയിലൂടെ കേഡറ്റുകള്‍ നടപ്പിലാക്കുന്ന ക്രിയാത്മകമായ ഇടപെടലുകളെ കുറിച്ചും ലോകത്തു യുവാക്കള്‍ നേതൃത്വം നല്‍കുന്ന മാറ്റങ്ങളുടെ കഥകളെ കുറിച്ചുമായിരിക്കും കൂടുതലായും ചര്‍ച്ച ചെയ്യുക.

Facebook.com/mbtunited എന്ന ഫെയ്‌സ്ബുക്ക് പേജില്‍ തത്സമയം നാളെ വൈകുന്നേരം 6 മണിക്ക് നടക്കുന്ന ചര്‍ച്ച കാണാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

Top