താന്‍ ശപിച്ചതിനാലാണ് ഹേമന്ദ് കര്‍ക്കറെ കൊല്ലപ്പെട്ടതെന്ന് സാധ്വി പ്രജ്ഞാ ഠാക്കൂര്‍

ഭോപ്പാല്‍: മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച എടിഎസ് തലവന്‍ ഹേമന്ദ് കര്‍ക്കറെ തന്റെ ശാപത്താല്‍ കൊല്ലപ്പെട്ടതാണെന്ന് മലെഗാവ് സ്‌ഫോടന കേസിലെ പ്രതിയും ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥിയുമായ സാധ്വി പ്രജ്ഞാ സിങ് ഠാക്കൂര്‍.

നിങ്ങളുടെ അവസാനമായെന്ന് താന്‍ കര്‍ക്കറയോട് പറഞ്ഞ് രണ്ടു മാസത്തിനുള്ളില്‍ കര്‍ക്കറെ കൊല്ലപ്പെട്ടുവെന്നാണ് സാധ്വി സിങ് പറയുന്നത്. 2008ല്‍ 166 പേരുടെ ജീവന്‍ കവര്‍ന്ന മുംബൈ ഭീകരാക്രമണത്തില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെയാണ് ഹേമന്ദ് കര്‍ക്കറെ കൊല്ലപ്പെട്ടത്. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയുടെ തലവനായിരുന്നു അദ്ദേഹം. പ്രജ്ഞാ സിങ് ഠാക്കൂര്‍ പ്രതിയായ മലേഗാവ് സ്‌ഫോടന കേസ് അന്വേഷിച്ചിരുന്നത് കര്‍ക്കറെയായിരുന്നു.

കര്‍ക്കറെ ദേശവിരുദ്ധനും മതവിരുദ്ധനുമായിരുന്നു. നിങ്ങളിത് വിശ്വസിക്കില്ലെങ്കിലും എനിക്കതറിയാമെന്നും പ്രജ്ഞാ സിങ് ഠാക്കൂര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിലായിരുന്നു പ്രജ്ഞാ ഠാക്കൂറിന്റെ പരാമര്‍ശങ്ങള്‍.

Top