ഹേമങ് അമീന്‍ ബിസിസിഐയുടെ താല്‍ക്കാലിക സിഇഒ

മുംബൈ: ബിസിസിഐയുടെ താല്‍ക്കാലിക സിഇഒയായി ഹേമങ് അമീനിനെ നിയമിച്ചു. രാഹുല്‍ ജോഹ്റിയെ ഒഴിവാക്കിയ ശേഷമാണ് അമീനിന് താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്. നിലവില്‍ ഐപിഎല്ലിന്റെ താല്‍ക്കാലിക ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ കൂടിയാണ് അദ്ദേഹം. പുതിയ സിഇഒയെ തിരഞ്ഞെടുക്കുന്നതു വരെ അടുത്ത രണ്ടു മാസത്തോളം അമീന്‍ ചുമതല വഹിക്കും.

ജൂലൈ 17ന് നടക്കുന്ന വീഡിയോ കോണ്‍ഫറന്‍സിങില്‍ പുതിയ സിഇഒയുടെ മാനദണ്ഡങ്ങള്‍ ബിസിസിഐ വിശദീകരിക്കും. പുതിയ സിഇഒ ചുമതലയേല്‍ക്കുന്നതു വരെ അമീനിനോട് ഈ റോള്‍ കൂടി ഏറ്റെടുക്കാന്‍ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ സിഇഒയുടെ നിയമനത്തെക്കുറിച്ച് ബോര്‍ഡ് ചര്‍ച്ച ചെയ്യും. വരാനിരിക്കുന്ന ദിവസങ്ങളില്‍ ഇതു സംബന്ധിച്ച് പരസ്യം നല്‍കുകയും അപേക്ഷകള്‍ ക്ഷണിക്കുകയും ചെയ്യും.

നേരത്തേ അദ്ദേഹം രാജി നല്‍കിയിരുന്നെങ്കിലും താല്‍ക്കാലികമായി ഈ റോളില്‍ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഒരു ലേലത്തെ സംബന്ധിച്ചുള്ള രഹസ്യാത്മകമായ സാമ്പത്തിക വിവരങ്ങള്‍ ചോര്‍ത്തിയത് ജോഹ്റിയെ മാറ്റാനുള്ള തീരുമാനം വേഗത്തിലാക്കി.

Top