കേന്ദ്രസര്‍ക്കാരിനെതിരെ രാജീവ് പ്രതാപ് റൂഡിയും ഹേമമാലിനിയും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി എംപിമാരായ രാജീവ് പ്രതാപ് റൂഡിയും ഹേമമാലിനിയും. ഇരുവരുടെയും മണ്ഡലങ്ങളില്‍ ടൂറിസം വികസനത്തിനാവശ്യമായ തുക അനുവദിക്കുന്നില്ലെന്ന പരാതിയാണ് ലോക്‌സഭയില്‍ ഉന്നയിച്ചത്.

ബീഹാര്‍ ഇക്കോ ടൂറിസം പദ്ധതിയോട് കേന്ദ്രസര്‍ക്കാര്‍ മുഖം തിരിക്കുകയാണെന്ന് പറഞ്ഞ റൂഡി സോണ്‍പൂര്‍ കന്നുകാലി വിപണനമേളയുടെ വികസനത്തിനായി പണം അനുവദിക്കണമെന്ന തന്റെ അപേക്ഷകള്‍ കേന്ദ്ര ടൂറിസം മന്ത്രാലയം തള്ളിക്കളഞ്ഞതായും സഭയില്‍ പറഞ്ഞു. എട്ട് സംസ്ഥാനങ്ങള്‍ക്ക് ഇക്കോ ടൂറിസം പദ്ധതിക്കായി 500 കോടി രൂപ വീതം നല്‍കിയപ്പോള്‍ ബിഹാറിന് ഒരു രൂപ പോലും ലഭിച്ചില്ലെന്നാണ് റൂഡിയുടെ ആരോപണം.

മധുര വൃന്ദാവനില്‍ യാതൊരു വികസന പ്രവര്‍ത്തനവും നടന്നിട്ടില്ലെന്ന് ഹേമമാലിനിയും പറഞ്ഞു. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കൃഷ്ണ സര്‍ക്യൂട്ടിന് കീഴില്‍ വരുന്ന പദ്ധതിയാണിത്. രാജീവ് പ്രതാപ് റൂഡി ബിഹാറിലെ സരണില്‍ നിന്നും ഹേമമാലിനി യുപിയിലെ മഥുരയില്‍ നിന്നുമുള്ള എംപിമാരാണ്.

Top