കെജ്രിവാള്‍ ‘നിസ്സഹായനായ മുഖ്യമന്ത്രി’; ഡല്‍ഹി സര്‍ക്കാരിനെ വിമര്‍ശിച്ച് തരൂര്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ‘നിസ്സഹായനായ മുഖ്യമന്ത്രി’ എന്ന് വിളിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിക്ക് നേരെ ഞായറാഴ്ച നടന്ന ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കാണാന്‍ കെജ്രിവാള്‍ കൂട്ടക്കാത്തതിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ കെജ്രിവാളിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

”പൗരത്വ നിയമ ഭേദഗതി അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തനിക്കൊപ്പം ഉണ്ടായിരിക്കണമെന്നാകാം കെജ്രിവാള്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടാകാം ഈ വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ അദ്ദേഹം മടി കാണിക്കുന്നത്. ഇത്തരം വിഷയങ്ങളെക്കുറിച്ച് സംസാരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ജനങ്ങള്‍ എന്ത് അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് വോട്ട് ചെയ്യേണ്ടത് ” ശശി തരൂര്‍ ചോദിക്കുന്നു.

കഴിഞ്ഞ ഞായറാഴ്ച, ജെഎന്‍യു കാമ്പസില്‍ പ്രവേശിച്ച് മുഖംമൂടി ധാരികള്‍ നടത്തിയ അക്രമത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം 30 പേര്‍ക്ക് പരിക്കേറ്റിരുന്നു. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. എന്നാല്‍ വിഷയത്തില്‍ ഇടപെടരുതെന്ന് കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദ്ദേശം അനുസരിക്കുകയാണ് പൊലീസ് ചെയ്തതെന്നാണ് കെജ്രിവാളിന്റെ വിശദീകരണം.

ആരുടെ ഉത്തരവാണ് കെജ്രിവാളിന് ലഭിച്ചതെന്ന് എനിക്കറിയില്ല. നിങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കരുതെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത് പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കാണരുതെന്നും സിഎഎയെക്കുറിച്ച് വ്യക്തമായ നിലപാട് സ്വീകരിക്കരുതെന്നും ആരാണ് (കെജ്രിവാള്‍) നിങ്ങളോട് ആവശ്യപ്പെട്ടത്? നിങ്ങളാണ് മുഖ്യമന്ത്രി. നിങ്ങളോട് ആജ്ഞാപിക്കാന്‍ മറ്റാരുമില്ല.”തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിനെ നിസ്സഹായ എന്ന് ട്വീറ്റില്‍ കെജ്രിവാള്‍ വിശേഷിപ്പിച്ചിരുന്നു. അതെ ട്വീറ്റ് കെജ്രിവാള്‍ ഒന്നുകൂടി വായിക്കണമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

Top