സ്വന്തം സമുദായത്തിലെ പാവങ്ങളെ ആദ്യം സഹായിക്കുക, എന്നിട്ടു മതി . . .

ജാതി – മത ശക്തികളെ കൂട്ടുപിടിച്ച് നാട്ടില്‍ കലാപം അഴിച്ചുവിടാനാണ് മുസ്ലീം ലീഗ് ഇപ്പോള്‍ ശ്രമിക്കുന്നത്. സര്‍ക്കാറിനെ അട്ടിമറിക്കുക എന്നതാണ് അവരുടെ പരമപ്രധാനമായ ലക്ഷ്യം. അതിന് ലീഗ് കൂട്ട് പിടിക്കാന്‍ ശ്രമിക്കുന്നത് മുസ്ലീം സംഘടനകളെയും എസ്.എന്‍.ഡി.പി ഉള്‍പ്പെടെയുള്ളവയെയുമാണ്. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ മുന്നോക്ക സംവരണമാണ് കുഞ്ഞാലിക്കുട്ടിയെയും വെള്ളാപ്പള്ളിയെയുമെല്ലാം ചൊടിപ്പിച്ചിരിക്കുന്നത്. ഇടതുപക്ഷത്തെ പിന്നോക്ക വിരുദ്ധരായാണ് ഇവര്‍ ചിത്രീകരിക്കുന്നത്. ആടിനെ പട്ടിയാക്കുന്നതിന് തുല്യമായ പ്രചരണമാണിത്.

മനുഷ്യരെ മനുഷ്യരായി കാണാനാണ് ആദ്യം കുഞ്ഞാലിക്കുട്ടിയും വെള്ളാപ്പള്ളിയും പഠിക്കേണ്ടത്. മുന്നോക്ക ജാതിയില്‍ പിറന്നവരെല്ലാം സമ്പന്നരാണെന്ന ധാരണയാണ് ആദ്യം ഇവര്‍ മാറ്റേണ്ടത്. എത്രയോ പാവങ്ങള്‍ ഈ വിഭാഗത്തിലും ഉണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അവര്‍ക്കും നീതി നല്‍കേണ്ടത് ഭരണകൂടത്തിന്റെ ചുമതലയാണ്. ആ ചുമതലയാണ് ഇടതുപക്ഷ സര്‍ക്കാര്‍ നിറവേറ്റുന്നത്. മതത്തിനും ജാതിക്കും അപ്പുറം മനുഷ്യന്റെ കണ്ണീര് കാണുന്ന പ്രത്യയ ശാസ്ത്രത്തിന് മാത്രമേ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ. മുന്നോക്ക സംവരണവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗും വെള്ളാപ്പള്ളിയും ഉയര്‍ത്തുന്ന വാദങ്ങള്‍ തന്നെ യുക്തിക്ക് നിരക്കുന്നതല്ല. തെറ്റിധാരണ സൃഷ്ടിച്ച് കുഴപ്പമുണ്ടാക്കാനാണ് ഇരു വിഭാഗവും നിലവില്‍ ശ്രമിക്കുന്നത്.

വര്‍ഗ്ഗീയത ആരോപിക്കപ്പെടാതെ ഇരിക്കാനാണ് എസ്.എന്‍.ഡി.പി യോഗമുള്‍പ്പെടെയുള്ള സംഘടനകളെ ലീഗ് കൂട്ട് പിടിക്കുന്നത്. രണ്ട് വിഭാഗവും പോത്സാഹിപ്പിക്കുന്നത് ജാതി കലാപത്തെയാണ്. സംവരണ സമുദായങ്ങള്‍ക്ക് നഷ്ടം ഉണ്ടാക്കുന്ന തരത്തിലാണ് മുന്നോക്ക സംവരണം നടപ്പിലാക്കുന്നതെന്നാണ് കുഞ്ഞാലിക്കുട്ടി ആരോപിച്ചിരിക്കുന്നത്. മുന്നാക്ക സംവരണം പിന്നാക്കക്കാരെ കൂടുതല്‍ പിന്നാക്കരാക്കുമെന്നാണ് അദ്ദേഹത്തിന്റെ കണ്ടുപിടുത്തം. കേരള സര്‍ക്കാര്‍ ആശാസ്ത്രീയമായ രീതിയില്‍ സംവരണ വിഷയത്തില്‍ തീരുമാനം എടുത്തുവെന്നും സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്നുമാണ് മലപ്പുറത്ത് ചേര്‍ന്ന മുസ്ലീം സംഘടനകളുടെ യോഗത്തിനു ശേഷം കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.

പിന്നോക്ക വിഭാഗത്തിന്റെ യോഗം വിളിച്ച് ചേര്‍ത്ത് ശക്തമായ സമരങ്ങള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംവരണത്തെ അട്ടിമറിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നാണ് മറ്റൊരു മുസ്ലീംലീഗ് നേതാവായ ഇടി മുഹമ്മദ് ബഷീറും വിമര്‍ശിച്ചിരിക്കുന്നത്. സംവരണത്തിന്റെ കടയ്ക്കല്‍ കത്തി വെക്കുന്ന നിലപാടാണ് സര്‍ക്കാരിന്റെ മുന്നാക്ക സംവരണമെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. ഈ രണ്ട് ലീഗ് നേതാക്കളുടെയും കാഴ്ചപ്പാട് തന്നെ ജന വിരുദ്ധമാണ്. സാമ്പത്തിക സംവരണത്തിന്റെ യഥാര്‍ഥ ഗുണഭോക്താക്കള്‍ സമ്പന്നരാണെന്നതാണ് വെള്ളാപ്പള്ളിയുടെ വാദം. ഒരു തുണ്ടു ഭൂമി ഇല്ലാത്തവന് ഇനിയും സംവരണത്തിന്റെ ആനുകൂല്യം ലഭിക്കാതിരിക്കുമ്പോള്‍ ഏക്കറു കണക്കിനു ഭൂമിയും മാളികകളുമുള്ള കോടിപതികള്‍ സംവരണത്തിന്റെ ഗുണഭോക്താക്കളാകുന്ന വിരോധാഭാസകരമായ കാഴ്ചയാണ് ഇപ്പോഴുള്ളതെന്നാണ് അദ്ദേഹത്തിന്റെ കണ്ടുപിടുത്തം.

പദവികളിലും അവസരങ്ങളിലുമുള്ള പിന്നാക്ക-മുന്നാക്ക അന്തരം കുറയ്ക്കുകയാണു സംവരണത്തിന്റെ ലക്ഷ്യമെന്നും പക്ഷേ ഇപ്പോള്‍ മറിച്ചാണു സംഭവിക്കുന്നതെന്നുമാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി കൂടിയായ വെള്ളാപ്പള്ളി നടേശന്‍ ആരോപിക്കുന്നത്. കേരളത്തില്‍ എംബിബിഎസ് പ്രവേശനത്തിന് 130 സീറ്റുകളാണ് സവര്‍ണ വിഭാഗത്തിനായി മാറ്റിവച്ചിരിക്കുന്നത്. അതേസമയം മുന്നാക്കക്കാരേക്കാള്‍ കൂടുതലുള്ള ഈഴവ സമുദായത്തിന് വെറും 94 സീറ്റ് മാത്രമാണ് ലഭിക്കുന്നതെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടുന്നുണ്ട്. ആയിരം റാങ്കുകള്‍ക്കു പിന്നില്‍ നില്‍ക്കുന്ന മുന്നാക്കക്കാരന് എംബിബിഎസ് പ്രവേശനം ലഭിക്കുമ്പോള്‍ ഇരുനൂറാം റാങ്കുകാരനായ ഒബിസി വിഭാഗക്കാരനു പ്രവേശനം ലഭിക്കില്ലെന്നതാണ് വെള്ളാപ്പള്ളിയുടെ വാദം.

മുസ്ലീംലീഗിന്റെ മാത്രമല്ല വെള്ളാപ്പള്ളിയുടെയും ഈ നിലപാടുകള്‍ മനുഷ്യത്വ വിരുദ്ധമാണ്. ഇതൊരിക്കലും പരിഷ്‌കൃത സമൂഹത്തിന് യോജിച്ച നിലപാടല്ല. ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കാനുള്ള ധാര്‍മ്മികത തന്നെ ഈ രണ്ട് വിഭാഗത്തിനും ഇല്ല. സ്വന്തം സമുദായ അംഗങ്ങളില്‍ നിന്നു പോലും വിദ്യാര്‍ത്ഥി പ്രവേശനത്തിന് ഉള്‍പ്പെടെ തലവരിപ്പണം വാങ്ങുന്നവര്‍, ആടിനെ പട്ടിയാകാന്‍ ശ്രമിക്കരുത്. വെള്ളാപ്പള്ളി നടേശന്‍ സ്വന്തം സമുദായത്തിലെ എത്ര പാവങ്ങള്‍ക്ക് എസ്.എന്‍.ഡി.പി യോഗത്തിന്റെ സ്ഥാപനങ്ങളില്‍ ജോലി കൊടുത്തിട്ടുണ്ടെന്നതും വ്യക്തമാക്കണം. ലക്ഷങ്ങള്‍ കോഴ വാങ്ങി നിയമനം നല്‍കിയ കഥകള്‍ നാടിന് പറയാന്‍ ഏറെയുണ്ടെന്നതും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി ഓര്‍ക്കുന്നത് നല്ലതാണ്. ആദ്യം സ്വന്തം സ്ഥാപനങ്ങളില്‍ പാവം ശ്രീനാരായണീയരോട് നീതി കാണിക്കുക എന്നിട്ടുമതി പടപുറപ്പാട്.

ഇതു പോലെ തന്നെ മുസ്ലീം ലീഗ് മലപ്പുറത്ത് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത എത്ര സംഘടനകള്‍ സ്വന്തം സമുദായത്തിലെ അംഗങ്ങളോട് നീതി കാണിച്ചിട്ടുണ്ടെന്നതും സ്വയം വിലയിരുത്തുന്നത് നല്ലതായിരിക്കും. ഏത് സമുദായ സംഘടനയായാലും അവരുടെ സ്ഥാപനങ്ങളില്‍ ആദ്യം നീതി നടപ്പാക്കിയിട്ടു വേണം വിമര്‍ശനങ്ങള്‍ ഉന്നയിക്കുവാന്‍. അതാണ് മര്യാദ. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കാനുള്ള തീരുമാനത്തിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ മുതലെടുപ്പ് തന്നെയാണ്. എരിതീയില്‍ എണ്ണ ഒഴിക്കുന്നതിന് ചില മാധ്യമങ്ങളും ഇപ്പോള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ഈ യാഥാര്‍ത്ഥ്യവും ജനങ്ങള്‍ തിരിച്ചറിയണം.

നിലവിലുള്ള സംവരണ വ്യവസ്ഥയെ ഒരുതരത്തിലും ബാധിക്കാതെയാണ് സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവര്‍ക്ക് സംവരണം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നിലവിലുള്ള 100 ശതമാനം ഒഴിവുകളില്‍ പത്ത് ശതമാനം ഇതിനായി മാറ്റിവയ്ക്കുമെന്നും ശേഷിക്കുന്ന 90 ശതമാനത്തില്‍ നിന്നാകും നിലവിലുള്ള സാമുദായിക സംവരണമെന്നുമുള്ള നിഗമനം തന്നെ തെറ്റാണ്. വിവിധ വിഭാഗങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്ന 50 ശതമാനം സംവരണം അതേപടി തുടരുമെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഓപ്പണ്‍ ക്വോട്ടയിലുള്ള 50 ശതമാനത്തില്‍ നിന്നാണ് സാമ്പത്തിക പിന്നോക്ക വിഭാഗത്തിലുള്ളവര്‍ക്ക് അവസരം നല്‍കാന്‍ പോകുന്നത്. നിലവിലുള്ള സംവരണവ്യവസ്ഥയെയോ നിയമനത്തിലുള്ള റൊട്ടേഷനെയോ ഒരു തരത്തിലും ഇത് ബാധിക്കുന്നതുമല്ല.

ചുരുക്കി പറഞ്ഞാല്‍ സംവരണ വിഭാഗത്തിനുള്ള സീറ്റുകളെ ഒരു തരത്തിലും ബാധിക്കാതെ അതിനു പുറത്തു നിന്നാണ് സാമ്പത്തിക പിന്നോക്കാവസ്ഥയുള്ളവര്‍ക്ക് സീറ്റുകള്‍ നീക്കിവയ്ക്കുന്നത്. വിദ്യാഭ്യാസ രംഗത്തും തൊഴില്‍ മേഖലയിലും ഒരു തരത്തിലും സംവരണവിഭാഗങ്ങള്‍ക്ക് നിലവിലുള്ള അവസരം നിഷേധിക്കപ്പെടാതിരിക്കാന്‍ ജാഗ്രതയോടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മുന്നോട്ട് പോകുന്നത്. സംവരണത്തിന് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അതേപടി സ്വീകരിക്കുകയല്ല ചെയ്തിരിക്കുന്നത്. ക്രീമിലെയര്‍ ആനുകൂല്യത്തിന് സംസ്ഥാനത്ത് വാര്‍ഷിക വരുമാന പരിധി എട്ട് ലക്ഷമാണ്. ഇതേ പരിധിയാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കുള്ള സംവരണത്തിനും കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്.

എന്നാല്‍ മുന്നോക്കക്കാരിലെ പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് തന്നെ ഉറപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യം പരിശോധിക്കാന്‍ കെ ശശിധരന്‍ നായര്‍ കമീഷനെയും നേരത്തെ നിയോഗിച്ചിരുന്നു. വാര്‍ഷിക വരുമാനം നാലു ലക്ഷമായി നിജപ്പെടുത്തിയതും ഭൂവിസ്തൃതി സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും ഈ കമ്മീഷനാണ്. ഇതാണ് മന്ത്രിസഭയും അംഗീകരിച്ചിരിക്കുന്നത്. മൂന്നു വര്‍ഷത്തിലൊരിക്കല്‍ അവലോകനം നടത്തി ആവശ്യമായി മാറ്റം വരുത്തുന്നതിനുള്ള വ്യവസ്ഥയും ഇതില്‍ തന്നെ ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്.

ഇങ്ങനെ സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവര്‍ക്ക് പരിഗണന നല്‍കാന്‍ സ്വീകരിച്ച നടപടിയെയാണ് കുപ്രചരണമുയര്‍ത്തി ഒരു വിഭാഗം വളച്ചൊടിക്കാന്‍ ശ്രമിക്കുന്നത്. ഈ നീക്കത്തിന് പിന്നില്‍ വ്യക്തമായ അജണ്ട തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ട്. അത് സര്‍ക്കാറിനെതിരെ ജനവികാരം തിരിച്ചുവിടുക എന്നത് തന്നെയാണ്. വീണ്ടും പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ആദ്യം തകരുന്ന പാര്‍ട്ടി മുസ്ലീം ലീഗാണ്. ഇനിയും 5 വര്‍ഷം ഭരണമില്ലാതെ ഇരിക്കുക എന്നത് ആ പാര്‍ട്ടിയിലെ നേതാക്കളെ സംബന്ധിച്ച് ആത്മഹത്യാപരമാണ്. യു.ഡി.എഫ് എന്ന മുന്നണി തന്നെയാണ് ഇത്തരമൊരു സാഹചര്യത്തില്‍ ശിഥിലമായി പോകുക. ഇതാണ് ഒടുവില്‍ സംവരണത്തില്‍ ‘കയറി പിടിക്കാന്‍’ ലീഗിനെ പ്രേരിപ്പിച്ചിരിക്കുന്നത്. ഇതിനു പിന്നില്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ താല്‍പര്യവുമുണ്ട്.

കേരള കോണ്‍ഗ്രസ്സിലെ പ്രബല വിഭാഗം ഇടതുപക്ഷത്ത് എത്തിയതോടെ ഭരണ തുടര്‍ച്ചക്കുള്ള സാധ്യത വര്‍ദ്ധിച്ചതായാണ് കോണ്‍ഗ്രസ്സും ആശങ്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ സംവരണ വിരുദ്ധ സമരം നടന്നാല്‍ അത് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ കണക്ക് കൂട്ടല്‍. യു.ഡി.എഫിന്റെ ഈ കണക്ക് കൂട്ടലാണ് ഇവിടെ തെറ്റാന്‍ പോകുന്നത്. കേരളത്തെ ഒരു ഭ്രാന്താലയമാക്കാന്‍ ആര് തന്നെ ശ്രമിച്ചാലും അത് വിലപ്പോവുകയില്ല. മത ന്യൂനപക്ഷങ്ങള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ നല്‍കിയ സംഭാവനകള്‍ ഈ നാടിന് ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല.

കേരളത്തിന്റെ വികസന അടിത്തറ തന്നെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭകള്‍ നടപ്പിലാക്കിയ പരിഷ്‌ക്കാരങ്ങളാണ് 1957 മുതല്‍ ഇങ്ങോട്ടുവന്ന ഇടതുപക്ഷ സര്‍ക്കാരുകളുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഇടപെടലിന്റെ ഫലമായാണ് ഈ മുന്നേറ്റം സാധ്യമായിരിക്കുന്നത്. ഭൂപരിഷ്‌കരണം, തൊഴിലാളിക്ഷേമം, വിദ്യാഭ്യാസം, തദ്ദേശഭരണം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ നിരവധി നിയമനിര്‍മാണങ്ങള്‍ക്ക് തുടക്കം കുറിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടി നയിച്ച കേരളത്തിന്റെ ആദ്യ സര്‍ക്കാരാണ്. 1957ലെ കേരള കാര്‍ഷിക ബില്‍ കേരളത്തിലെ ഭൂവുടമ -കുടിയാന്‍ ബന്ധങ്ങളില്‍ സമഗ്രമായ പരിഷ്‌കരണമാണ് വരുത്തിയിരുന്നത്. കൃഷിഭൂമി കര്‍ഷകന് എന്ന മുദ്രാവാക്യം യാഥാര്‍ഥ്യമാക്കുന്നതിലും ഈ നിയമനിര്‍മാണം നിസ്തുലമായ പങ്കാണ് വഹിച്ചത്.

കുടിയൊഴിപ്പിക്കല്‍ തടയലും, തൊഴില്‍ തര്‍ക്കങ്ങളില്‍ നിന്ന് പൊലീസിനെ മാറ്റിനിര്‍ത്തലും, വിദ്യാഭ്യാസനിയമവും, കേരളത്തിന്റെ ഇന്നത്തെ മാതൃകാപരമായ വളര്‍ച്ചയുടെ അടിത്തറ തന്നെയാണ്. 1967ലും എണ്‍പതിലും 87ലും 96ലും 2006ലും അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാരുകള്‍ ആദ്യ ഇ എം എസ് സര്‍ക്കാരിന്റെ ‘കാല്‍പ്പാടുകള്‍’ തന്നെയാണ് പിന്തുടര്‍ന്നിരിക്കുന്നത്. അതിന്റെ തുടര്‍ച്ചയാണ് 2016ലെ പിണറായി സര്‍ക്കാര്‍. അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കാന്‍ ആറു മാസത്തോളം അവശേഷിക്കുമ്പോ, വാഗ്ദാനം നല്‍കിയ 600 കാര്യങ്ങളില്‍ പിണറായി സര്‍ക്കാറിന് ഇനി നടപ്പാക്കാന്‍ അവശേഷിക്കുന്നത് വെറും 30കാര്യങ്ങള്‍ മാത്രമാണ്. അതും കൂടി നടപ്പാക്കി തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ഏത് എതിരാളിയും ഒന്നു പേടിക്കും.

ആശങ്കകളും പ്രതിപക്ഷത്തിന് സ്വാഭാവികമാണ്. ഈ ഭീതിയാണ് കടുത്ത നിലപാടിലേക്ക് നീങ്ങാന്‍ അവരെ ഇപ്പോള്‍ പ്രേരിപ്പിച്ചിരിക്കുന്നത്. മലപ്പുറത്ത് കണ്ട ‘തുടക്കം’ അതാണ് സൂചിപ്പിക്കുന്നത്. ഇ.എം.എസ് എന്ന മുഖ്യമന്ത്രി ഇല്ലായിരുന്നെങ്കില്‍ മലപ്പുറം എന്ന ജില്ല തന്നെ ഉണ്ടാകുമായിരുന്നോ എന്നതും ഈ ഘട്ടത്തില്‍ ലീഗ് നേതൃത്വം ഓര്‍ക്കുന്നത് നല്ലതാണ്. 57ലെ വിമോചന സമര മോഡലൊന്നും പുതിയ കാലത്ത് ഒരിക്കലും വിലപ്പോവുകയില്ല. പരമ്പരാഗതമായ ലീഗ് കോട്ടകളിലാണ് ഇപ്പോള്‍ ചെങ്കൊടി പാറുന്നത്. മത ന്യൂനപക്ഷങ്ങള്‍ക്കറിയാം അവര്‍ ആരുടെ കീഴിലാണ് സുരക്ഷിതരെന്നത്. മനുഷ്യശൃംഖലയിലൂടെ അത് ഈ കേരളം കണ്ടതുമാണ്.

അതുപോലെ തന്നെ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗത്തിന്റെ മോചനത്തിനായി തെരുവില്‍ രക്തം ചീന്തിയതും പട്ടിണി പാവങ്ങള്‍ക്ക് അവകാശങ്ങള്‍ നേടികൊടുത്തതും കമ്മ്യൂണിസ്റ്റുകളാണ്. ഇടതുപക്ഷ സര്‍ക്കാറുകളുടെ ഇടപെടലുകളുമാണ്. ഈ ചരിത്രമൊന്നും ആര്‍ക്കും തന്നെ മറച്ചു വയ്ക്കാന്‍ കഴിയുന്നതല്ല. വിശപ്പിനും കണ്ണീരിനുമെല്ലാം ഒരേ വികാരമാണുള്ളത്. അതിന് മുന്നോക്കമെന്നോ പിന്നോക്കമെന്നോ ഉള്ള ഒരു വ്യത്യാസവുമില്ല. കുഞ്ഞാലിക്കുട്ടിയും വെള്ളാപ്പള്ളിയും മനസ്സിലാക്കേണ്ടതും അതാണ്.

മുന്നോക്ക വിഭാഗത്തില്‍ ജനിച്ചു പോയി എന്നത് ആരുടെയും കുറ്റമല്ല. പാവങ്ങള്‍ പിന്നോക്ക വിഭാഗത്തിലായാലും മുന്നോക്ക വിഭാഗത്തിലായാലും അവരോട് കരുണ കാട്ടുക എന്നതാണ് മനുഷ്യത്വപരമായ നിലപാട്. ആ നിലപാട് തന്നെയാണ് ഇവിടെ ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. അതിനെ പിന്തുണക്കുകയാണ് യഥാര്‍ത്ഥത്തില്‍ എല്ലാ സംഘടനകളും ചെയ്യേണ്ടത്. അതല്ലാതെ നാട്ടില്‍ വിഷവിത്തുക്കള്‍ പാകാന്‍ ശ്രമിക്കരുത്. അങ്ങനെ ശ്രമിക്കുന്നവര്‍ ഈ നാടിന്റെ തന്നെ ശത്രുക്കളാണ്. ഇതാണ് പൊതുസമൂഹവും തിരിച്ചറിയേണ്ടത്.

Top