helmet – two weel vechicle – free

തിരുവനന്തപുരം: ഇരുചക്ര വാഹനം വില്‍ക്കുന്നവര്‍ ഉപഭോക്താവിന് ഹെല്‍മെറ്റ് സൗജന്യമായി നല്‍കണമെന്ന് നിര്‍ദേശം.
ട്രാന്‍സ്പോട്ട് കമീഷണര്‍ വിളിച്ചു ചേര്‍ത്തയോഗത്തിലാണ് തീരുമാനം. നമ്പര്‍ പ്ലേറ്റ് ഉള്‍പ്പടെയുള്ളവ സൗജന്യമായി നല്‍കണമെന്നും നിര്‍ദേശമുണ്ട്.

ഐഎസ്ഐ നിലവാരത്തിലുള്ള ഹെല്‍മെറ്റുകളാണ് നല്‍കേണ്ടതെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി നിര്‍ദേശിച്ചു. ഇരുചക്ര വാഹനാപകടങ്ങള്‍ മൂലമുള്ള മരണങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

നമ്പര്‍ പ്ലേറ്റ്, റിയര്‍വ്യൂ മിറര്‍, സാരി ഗാര്‍ഡ്, ക്രാഷ് ഗാര്‍ഡ്, പിന്‍സീറ്റ് യാത്രക്കാര്‍ക്കുള്ള കൈപ്പിടി എന്നിവ ഇനി മുതല്‍ വാഹനത്തോടൊപ്പം സൗജന്യമായി നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു.

ഇവയ്ക്ക് വേറെ തുക ഈടാക്കരുത്. നമ്പര്‍ പ്ലേറ്റിന് പോലും ഉപഭക്താക്കളില്‍ നിന്ന് അധികതുക ഈടാക്കുന്നു എന്ന പരാതിയെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനം എടുത്തത്. തീരുമാനങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ കര്‍ശനമായി നടപ്പാക്കിത്തുടങ്ങും. ഉത്തരവു നടപ്പാക്കിയ ശേഷവും ഉപഭോക്താവിന് മേല്‍പറഞ്ഞ സാധനങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍, വില്‍പനയ്ക്കുള്ള അംഗീകാരം റദ്ദാക്കാനാണ് തീരുമാനം.

ചില പ്രത്യേക കമ്പനികളുടെ ഇന്‍ഷ്വറന്‍സ് എടുക്കാന്‍ വാഹന ഡീലര്‍മാര്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കാറുണ്ട്. ഇതു പാടില്ല. ഇത്തരത്തില്‍ ഇന്‍ഷ്വറന്‍സ് എടുക്കാന്‍ നിര്‍ബന്ധിക്കുന്നത് നിയമവിരുദ്ധമാണെന്നും ഉത്തരവില്‍ പറയുന്നു.

Top