പിന്‍സീറ്റിലും ഹെല്‍മറ്റ് ; ഉത്തരവ് ഉടന്‍ നടപ്പാക്കണം: ഡിജിപിക്ക് കത്ത്‌

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും, നാല് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന് സര്‍ക്കാര്‍. ഹൈക്കോടതി വിധിയും കേന്ദ്ര സര്‍ക്കാര്‍ ഉത്തരവും നടപ്പാക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്കും ഗതാഗത കമ്മീഷണര്‍ക്കും ഗതാഗത സെക്രട്ടറി ജ്യോതിലാല്‍ കത്ത് നല്‍കി.

ഏതെങ്കിലും ഹെല്‍മറ്റ് വച്ച് പരിശോധനയില്‍ നിന്ന് രക്ഷപെടുന്ന രീതിക്ക് അവസാനമുണ്ടാക്കണമെന്നും ബിഐഎസ് മുദ്രയുള്ള ഹെല്‍മറ്റ് തന്നെയാണോ വയ്ക്കുന്നതെന്ന് പരിശോധിക്കണമെന്നും ഗതാഗത സെക്രട്ടറിയുടെ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല പരിശോധന കര്‍ശനമാക്കുകയും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യണമെന്നും കത്തില്‍ പറയുന്നു.

ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധിമാക്കിയുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറക്കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.മാത്രമല്ല പിന്‍സീറ്റില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ കേന്ദ്രമോട്ടോര്‍ നിയമത്തിന് എതിരെ സംസ്ഥാനസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി തിരുത്തണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് കര്‍ശന നിര്‍ദേശവും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജ്ഞാപനമിറക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

Top