ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റിലുള്ളവര്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇന്ന് മുതല്‍ പിഴ

തിരുവന്തപുരം : സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റിലുള്ളവര്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇന്ന് മുതല്‍ പിഴ ഈടാക്കും. നിലവിലെ നിയമപ്രകാരം 500 രൂപയാണ് പിഴ ഈടാക്കുന്നത്.

രണ്ട് യാത്രക്കാരും ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇരട്ടിപ്പിഴ ഈടാക്കും. വാഹനഉടമയായിരിക്കും പിഴ നല്‍കേണ്ടത്.

കുട്ടികളുൾപ്പടെ ബൈക്കിലെ രണ്ടാം യാത്രക്കാരനും ഹെൽമറ്റ് നിർബന്ധമാക്കിക്കൊണ്ട് രണ്ടാഴ്ച മുൻപാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇത് നിര്‍ബന്ധമാക്കിയതോടെ ഹെൽമറ്റ് പരിശോധന ഇന്നുമുതല്‍ തന്നെ കർശനമാക്കാനാണ് മോട്ടോർ വാഹനവകുപ്പ് തീരുമാനം. വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിലായിരിക്കും പരിശോധന. ഹെല്‍മറ്റ് പരിശോധന വീഡിയോയില്‍ പകര്‍ത്തണമെന്നും ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിയമലംഘനം തുടര്‍ന്നാല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കും. മോട്ടോര്‍ വാഹന വകുപ്പിന്റെ സ്ക്വാഡുകള്‍ക്ക് പുറമെ നിരീക്ഷണ ക്യാമറകള്‍ വഴിയും നിയമലംഘകരെ കണ്ടെത്തും. ഹെല്‍മെറ്റ് പരിശോധനക്കിടെ ലാത്തി ഉപയോഗിക്കരുതെന്നും ശരീരത്തില്‍ തൊടരുതെന്നും ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്. പരിശോധനക്കിടെ പിഴവുണ്ടായാല്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്കായിരിക്കും ഉത്തരവാദിത്തമെന്നും ഡി.ജിപി വ്യക്തമാക്കി.

Top