മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ക്ലിയറന്‍സ് നല്‍കുക മാത്രമാണ് ചെയ്തതെന്ന് ഡിജിപി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ദുരന്തനിവാരണ ഫണ്ടുയോഗിക്കാന്‍ തീരുമാനിച്ചതില്‍ റവന്യൂവകുപ്പില്‍ അതൃപ്തി പുകയുന്ന സാഹചര്യത്തില്‍ വിശദീകരണവുമായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ രംഗത്ത്.

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ക്ലിയറന്‍സ് നല്‍കുക മാത്രമാണ് ചെയ്തതെന്ന് ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. സുരക്ഷ ഒരുക്കുക മാത്രമാണ് പൊലീസ് ചെയ്തത്. മറ്റ് കാര്യങ്ങളെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് ഓഖി ദുരന്തനിവാരണഫണ്ട് ഉപയോഗിച്ച് മുഖ്യമന്ത്രി യാത്ര നടത്തിയതെന്ന വിവരം പുറത്തുവരുന്നത്. തൃശൂരിലെ സിപിഐഎം സമ്മേളനവേദിയില്‍ നിന്നുള്ള യാത്രയ്ക്ക് എട്ടുലക്ഷം ചെലവ് വന്നെന്നാണ് കണക്കുകള്‍. ഓഖി കേന്ദ്രസംഘത്തെ കാണാനെന്നാണ് ഉത്തരവില്‍ പറയുന്ന വിശദീകരണം. ഹെലികോപ്ടര്‍ കമ്പനി ചോദിച്ചത് 13 ലക്ഷമാണെങ്കിലും വിലപേശി എട്ടുലക്ഷത്തില്‍ ഒതുക്കിയെന്നും അവകാശപ്പെടുന്നു.

Top