നേപ്പാളില്‍ ഹെലികോപ്റ്റര്‍ മരത്തിലിടിച്ച് തകര്‍ന്നു വീണു; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

കാഠ്മ്ണ്ഡു: നേപ്പാളില്‍ സ്വകാര്യ ഹെലികോപ്റ്റര്‍ അപകടത്തില്‍ അഞ്ച് മരണം.മൗണ്ട് എവറസ്റ്റില്‍ നിന്ന് കാഠ്മ്ണ്ഡുവിലേക്ക് പുറപ്പെട്ട ഹെലികോപ്ടര്‍ മരത്തിലിടിച്ച് തകര്‍ന്നാണ് അപകടമുണ്ടായത്. അഞ്ച് മെക്‌സിക്കന്‍ പൗരന്‍മാരും പൈലറ്റുമടക്കം ആറ് പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സോലുംഖുംബില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോയ 9N-AMV(AS 50 ) എന്ന ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. തുടര്‍ന്ന് നടത്തിയ തിരച്ചിലൊനൊടുവിലാണ് ഹെലികോപ്റ്റര്‍ കണ്ടെത്തിയത്. ലിഖുപികെ റൂറല്‍ മുനിസിപ്പാലിറ്റിയിലെ ലംജുര മേഖലയിലാണ് മനാംഗ് എയര്‍ ഹെലികോപ്റ്റര്‍ തകര്‍ന്നതെന്ന് പൊലീസ് അറിയിച്ചു.ചൊവ്വാഴ്ച രാവിലെ കാഠ്മണ്ഡുവിലേക്ക് മടങ്ങേണ്ട ഹെലികോപ്റ്റര്‍ പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് റൂട്ട് മാറ്റുകയായിരുന്നെന്ന് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ സാഗര്‍ കേഡലിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു.

Top