കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം; മലയാളി സൈനികന്‍ പ്രദീപിന്റെ സംസ്‌കാരം വൈകീട്ട്

തിരുവനന്തപുരം: കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ജൂനിയര്‍ വാറണ്ട് ഓഫീസര്‍ തൃശൂര്‍ പൊന്നൂക്കര സ്വദേശി പ്രദീപിന്റെ സംസ്‌കാരം ഇന്ന്. സംസ്‌കാര ചടങ്ങുകള്‍ വൈകിട്ടോടെ തൃശൂരിലെ വീട്ടുവളപ്പില്‍ നടക്കും. 11 മണിക്ക് മൃതദേഹം കോയമ്പത്തൂരിലെ സൈനിക കേന്ദ്രത്തിലെത്തിക്കും. പ്രദീപ് പഠിച്ച പുത്തൂര്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ ഉച്ചയ്ക്കുശേഷം പൊതുദര്‍ശനം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌ക്കാരച്ചടങ്ങുകള്‍.

നാടിന്റെ വീരപുത്രന് വിരോചിതമായി വിട നല്‍കാനുള്ള ക്രമീകരണങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായി. ഡല്‍ഹിയില്‍ നിന്നും കോയമ്പത്തൂര്‍ സുലൂരിലെ വ്യോമകേന്ദ്രത്തില്‍ ആദ്യം ഭൗതിക ദേഹം എത്തിക്കും. സുലൂര്‍ വ്യോമ കേന്ദ്രത്തില്‍ സഹപ്രവര്‍ത്തകര്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കും. രണ്ട് മണിക്കൂര്‍ നേരമാണ് ഇവിടെ പൊതുദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്.

പ്രദീപിന്റെ ഭാര്യ ലക്ഷ്മിയും മക്കളും കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ നിന്നും പൊന്നൂക്കരയിലെ വീട്ടില്‍ എത്തിയിരുന്നു. രോഗിയായ അച്ഛന്‍ വെന്റിലേറ്ററില്‍ വീട്ടില്‍ തന്നെ ചികിത്സയിലാണ്. അമ്മയെ നേരത്തെ തന്നെ വിവരം അറിയിച്ചിരുന്നു.

അതിനിടെ, മലയാളി സൈനികന്‍ എ. പ്രദീപിന്റെ വീട്ടുകാര്‍ക്ക് സര്‍ക്കാര്‍ സഹായം ഒരുക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ വ്യക്തമാക്കി. പ്രദീപിന്റെ തൃശ്ശൂര്‍ പൊന്നൂക്കരയിലെ വീട് സന്ദര്‍ശിച്ച ശേഷം ഇന്നലെ രാത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി കെ രാധാകൃഷ്ണന്‍.

Top