ഹൈറിച്ച് തട്ടിപ്പുകേസ്: മുൻ‌കൂർ ജാമ്യം തേടി ദമ്പതികൾ കോടതിയിൽ

കൊച്ചി: ഹൈറിച്ച് തട്ടിപ്പ് കേസിൽ മുൻകൂർ ജാമ്യം തേടി പ്രതികൾ. കലൂരിലെ പ്രത്യേക കോടതിയിലാണ് പ്രതികളായ പ്രതാപനും ഭാര്യയും മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. മുൻ‌കൂർ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.

ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെ മറവിൽ ഉടമകൾ 2300 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് ഇഡിയുടെ നിഗമനം. കേരളത്തിൽ മാത്രം 1630 കോടി രൂപയുടെ തട്ടിപ്പു നടത്തി എന്നായിരുന്നു പൊലീസ് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് കമ്പനി മാനേജിങ് ഡയറക്ടർ കെ.ഡി പ്രതാപന്റെയും ഭാര്യയും സിഇഒയുമായ ശ്രീനയുടെയും വീട്ടിൽ ഇ.ഡി റെയ്ഡ് നടത്തിയത്. ചോദ്യംചെയ്യലിന് നോട്ടീസ് നൽകാനിരിക്കെയാണ് പ്രതികൾ മുൻ‌കൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുന്നത്.

സായുധ സേനയുടെ അകമ്പടിയോടെ വന്ന ഇ.ഡി വീട്ടിലെത്തും മുമ്പ് ദമ്പതികൾ കടന്നുകടഞ്ഞിരുന്നു. ഇവരെ ബന്ധപ്പെടാൻ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നിക്ഷേപകരിൽനിന്ന് സ്വീകരിച്ച നൂറു കോടി രൂപ ഹവാല വഴി വിദേശത്തേക്ക് കടത്തിയെന്ന പരാതിയിലാണ് ഇ.ഡി ഇവരുടെ വീട്ടിലെത്തിയത്. ലാഭവിഹിതവും മറ്റ് ആനുകൂല്യവും നൽകുമെന്ന് വിശ്വസിപ്പിച്ചാണ് ഇവർ നിക്ഷേപം സ്വീകരിച്ചിരുന്നത്.

15 സംസ്ഥാനങ്ങളിലായി 69 അക്കൗണ്ടുകളാണ് കമ്പനിക്കുള്ളത്. കേരളത്തിന് പുറത്തു നിന്നും ഹൈറിച്ചിനെതിരെ പരാതി ലഭിച്ചിട്ടുണ്ട്. യുകെ ആസ്ഥാനമായി രജിസ്റ്റർ ചെയ്ത കമ്പനി വഴി ഹൈറിച്ച് ബിറ്റ്‌കോയിൻ ഇടപാടും നടത്തിയിട്ടുണ്ട്. മൾട്ടിലെവൽ മാർക്കറ്റിങ്ങിന് ഒ.ടി.ടി പ്ലാറ്റ്‌ഫോം, ക്രിപ്‌റ്റോ കറൻസി ഇടപാടിനായി എച്ച്ആർസി ക്രിപ്‌റ്റോ, നിധി ലിമിറ്റഡ്, ഫാം സിറ്റി തുടങ്ങിയവയും ഹൈറിച്ചിന്റേതായുണ്ട്. കമ്പനിക്ക് കേരളത്തിലാകെ 78 ശാഖകളും ഇന്ത്യയിലൊട്ടാകെ 680 ശാഖകളും ഉണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Top