ഹെൻറിച്ച് ക്ലാസന്റെ തകർപ്പൻ സെഞ്ചറി; ബാംഗ്ലൂരിന് 187 റൺസ് വിജയലക്ഷ്യം

ഹൈദരാബാദ്: ഹെൻറിച്ച് ക്ലാസന്റെ തകർപ്പൻ സെഞ്ചറിയുടെ മികവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് ഭേദപ്പെട്ട സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. 51 പന്തിൽ ആറു സിക്സറുകളുടെയും 8 ഫോറുകളുടെയും അകമ്പടിയോടെ 104 റൺസെടുത്ത് ക്ലാസനാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ.

ഓപ്പണർമാരായ അഭിഷേക് ശർമ( 14 പന്തിൽ 11), രാഹുൽ ത്രിപാഠി( 12 പന്തിൽ 15) മൂന്നാമനായി ഇറങ്ങിയ ക്യാപ്റ്റൻ എയ്ഡൻ മാർക്രം( 20 പന്തിൽ 18) എന്നിവർ രണ്ടക്കം പിന്നിട്ടതിനു പിന്നാലെ ക്രീസ് വിട്ടപ്പോൾ ക്ലാസനാണ് ഹൈദരാബാദിന്റെ രക്ഷയ്ക്കെത്തിയത്. മൂന്നാം വിക്കറ്റിൽ മാർക്രവുമായി 76 റൺസിന്റെയും നാലാം വിക്കറ്റിൽ ഹാരി ബ്രൂക്കു( 19 പന്തിൽ 27)മായി 74 റൺസിന്റെ കൂട്ടുകെട്ടുമാണ് ക്ലാസെൻ നേടിയത്.

ബാംഗ്ലൂരിനായി മിച്ചൽ ബ്രയ്സ്‍വെൽ രണ്ടു വിക്കറ്റും മുഹമ്മദ് സിറാജ്, ഷഹ്ബാസ് അഹമ്മദ്, ഹർഷൽ പട്ടേൽ എന്നിവർ ഒരോ വിക്കറ്റു വീതവും വീഴ്ത്തി.

Top