അതിജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കും

തിരുവനന്തപുരം: കിഴക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിക്കുന്നതിനാല്‍ കേരളത്തില്‍ അതിജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്നു സംഘം കേരളത്തിലെത്തില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

തെക്കന്‍ ചൈനാ കടലില്‍ രൂപപ്പെട്ട ന്യോള്‍ ചുഴലിക്കാറ്റ് ദുര്‍ബലമായി ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ചാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. ന്യൂനമര്‍ദ്ദത്തിനെ തുടര്‍ന്ന് കേരളത്തില്‍ 23 വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. വരും മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ന്യൂനമര്‍ദ്ദം പടിഞ്ഞാറന്‍, വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ ആയിരിക്കും സഞ്ചരിക്കുക.

അതേസമയം, സംസ്ഥാനത്തിന്റെ പലയിടങ്ങളിലും അതിതീവ്രമഴ തുടരുകയാണ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും നാളെയും മഴ കനത്തേക്കും. മലയോര മേഖലകളിലും തീരപ്രദേശത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്.ഇന്ന് തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Top