ശക്തമായ കാറ്റും മഴയും; വൈക്കത്ത് നൂറിലധികം വീടുകളും വൈദ്യുതിപോസ്റ്റുകളും തകര്‍ന്നു

വൈക്കം: ശക്തമായ കാറ്റിലും മഴയിലും വൈക്കത്തും സമീപ പ്രദേശത്തും വ്യാപക നാശനഷ്ടം. ശക്തമായ കാറ്റില്‍ മരംവീണ് നൂറിലധികം വീടുകളും നൂറോളം വൈദ്യുതിപോസ്റ്റുകളും തകര്‍ന്നു.

വൈക്കം ടൗണ്‍, ചെമ്മനാകരി, ഇത്തിപ്പുഴ, ടി.വി.പുരം, കൊതവറ എന്നിവിടങ്ങളിലാണ് നാശം ഏറെയും സംഭവിച്ചത്. വൈക്കത്തെ ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. മരം മുറിച്ചുനീക്കാന്‍ ഏറെ പാടുപെട്ടാണ് അഗ്‌നിരക്ഷാസേന സംഭവസ്ഥലത്തെത്തിയത്.തകരാറിലായ വൈദ്യുതബന്ധം പുനഃസ്ഥാപിക്കാന്‍ ദിവസങ്ങളെടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

വൈക്കം മഹാദേവക്ഷേത്രത്തിന്റെ വലിയകവലയിലുള്ള അലങ്കാര ഗോപുരത്തിന്റെ ഭാഗം തകര്‍ന്നുവീണു. ക്ഷേത്രത്തിന്റെ ഊട്ടുപുര, ദേവസ്വം ഓഫീസ്, ആനപ്പന്തല്‍, കമ്മിറ്റി ഓഫീസ് എന്നിവയുടെ മേല്‍ക്കൂരയിലെ ഓടുകള്‍ വ്യാപകമായി പറന്നുപോയി.

ഇന്നലെ വൈകീട്ടോടെ ആഞ്ഞുവീശിയ മഴ രണ്ടുമണിക്കൂറിലേറെ നീണ്ടുനിന്നു. തകര്‍ന്ന വീടുകളും മറ്റും ജനപ്രതിനിധകളും ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു.

Top