കനത്ത കാറ്റും മഴയും; വയനാട് തവിഞ്ഞാലില്‍ മരംവീണ് ആറു വയസ്സുകാരി മരിച്ചു

വയനാട്: ഇന്നലെ രാത്രി മുതല്‍ പുലര്‍ച്ചെ വരെ നീണ്ടു നിന്ന കനത്ത കാറ്റിലും മഴയിലും വടക്കന്‍ ജില്ലകളില്‍ വ്യാപക നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്. വയനാട് തവിഞ്ഞാലില്‍ കനത്ത മഴയില്‍ വീടിന് മുകളില്‍ മരം കടപുഴകി വീണതിനെ തുടര്‍ന്ന് ഉറങ്ങി കിടക്കുകയായിരുന്ന ആറ് വയസുകാരി മരിച്ചു. കുട്ടിയുടെ പിതാവിന്റെ കാല്‍ അപകടത്തില്‍ പൂര്‍ണമായും അറ്റുപോയി.

വയനാട് തവിഞ്ഞാല്‍ വാളാട് തോളക്കര കോളനിയിലെ ബാബുവിന്റെ മകള്‍ ജ്യോതിക (6) മരിച്ചത്. അപകടത്തില്‍ ബാബുവിന്റെ ഒരു കാല്‍ പൂര്‍ണമായും അറ്റു പോയി. കോഴിക്കോട് നഗരത്തില്‍ ശക്തമായ കാറ്റിലും മഴയിലും വ്യാപകനാശമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ വീണു. വയനാട് റോഡില്‍ പാറോപ്പടിയില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഫാറൂഖ് കോളജ് വിമന്‍സ് ഹോസ്റ്റല്‍ , പന്തീരങ്കാവ് വള്ളിക്കുന്ന്, കുടല്‍ നടക്കാവ്, കൂടത്തുംപാറ ,പ്രൊവിഡന്‍സ് കോളേജ്, പയ്യാനക്കല്‍,ബേപ്പൂര്‍, എന്നീ ഭാഗങ്ങളില്‍ വന്‍ മരങ്ങള്‍ വീണ് ഗതാഗത തടസ്സം ഉണ്ടായി.

അഗ്‌നിരക്ഷാസേന റോഡുകളില്‍ വീണ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ ആരംഭിച്ചിട്ടുണ്ട്. വൈദ്യുതി ബന്ധം പലയിടത്തും തടസ്സപ്പെട്ടിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ പലതിലും ഇതിനോടകം വെള്ളം കയറി. രാത്രി പതിനൊന്നരയോടെയാണ് നഗരത്തിലും പരിസര പ്രദേശങ്ങളിലും മഴയും കാറ്റും തുടങ്ങിയത്. മലയോര മേഖലയിലും മഴയുണ്ട്.

Top