കോഴിക്കോട്-ഷൊര്‍ണ്ണൂര്‍ റെയില്‍പാത തുറന്നു; പാസഞ്ചര്‍ ട്രെയിന്‍ പുറപ്പെട്ടു

കോഴിക്കോട്:കനത്ത മഴയെ തുടര്‍ന്ന് നാല് ദിവസമായി അടച്ചിട്ടിരുന്ന കോഴിക്കോട്-ഷൊര്‍ണ്ണൂര്‍ റെയില്‍പാതയിലൂടെ മംഗലാപുരം-നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ് സ്പെഷല്‍ പാസഞ്ചറായി കടത്തിവിട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഈ റൂട്ടില്‍ ഗതാഗതം പുനസ്ഥാപിച്ചത്.

റെയില്‍വേ സാങ്കേതിക വിഭാഗം ഫറൂഖ് പാലത്തില്‍ നടത്തിയ പരിശോധനയില്‍ പാലത്തിന് തകരാര്‍ ഇല്ലെന്ന് വ്യക്തമാക്കിയ ശേഷമാണ് ഗതാഗതം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.പാസഞ്ചര്‍ ട്രെയിനുകളാണ് ആദ്യം കടത്തിവിടുക. രണ്ടു ദിവസത്തിനകം ഗതാഗതം സാധാരണ സ്ഥിതിയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കനത്ത മഴയില്‍ ട്രാക്കിലുള്‍പ്പെടെ വെള്ളം കയറുകയും പാലത്തിന് താഴെ മരങ്ങളും മറ്റ് വസ്തുക്കളും വന്നടിയുകയും ചെയ്തതോടെയാണ് കോഴിക്കോട്-ഷൊര്‍ണ്ണൂര്‍ റെയില്‍പാതയിലൂടെയുള്ള ഗതാഗത സര്‍വ്വീസ് നിര്‍ത്താന്‍ റെയില്‍വേ തീരുമാനിച്ചത്.

Top