കനത്ത തിരിച്ചടി; ബി.എസ്.എന്‍.എല്ലിന് ഭാരത് നെറ്റ് കരാര്‍ നഷ്ടമായി

BSNL

ഭാരത് നെറ്റ് പ്രോജക്റ്റിന്റെ വാര്‍ഷിക അറ്റകുറ്റപ്പണി കരാറില്‍ നിന്ന് ബിഎസ്എന്‍എല്ലിനെ ഒഴിവാക്കി. രാജ്യത്തെ രണ്ടര ലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി എത്തിക്കാനുള്ള ഭാരത് നെറ്റിന്റെ രണ്ടാം ഘട്ടത്തില്‍ സ്വകാര്യ കമ്പനികളെ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിന് പിന്നാലെയാണ് വാര്‍ഷിക കരാര്‍ ബി.എസ്.എന്‍.എല്ലിന് നല്‍കേണ്ടെന്ന കേന്ദ്ര തീരുമാനം.

ഇതുവഴി 400 കോടിയുടെ വരുമാനമാണ് ബി.എസ്.എന്‍.എല്ലിന് നഷ്ടപ്പെടുന്നത്. ‘ഭാരത് ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്ക് ലിമിറ്റഡ്’എന്ന പൊതുമേഖല സ്ഥാപനത്തിന് വേണ്ടിയാണ് പഞ്ചായത്തുകളില്‍ ബ്രോഡ്ബാന്‍ഡ് എത്തിക്കുന്ന പണി ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തത്. ആദ്യഘട്ടം പൂര്‍ത്തിയാക്കിയപ്പോഴാണ് കാര്യക്ഷമതയില്ലായ്മ പറഞ്ഞ് സ്വകാര്യ കമ്പനികളെ ഉള്‍പ്പെടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇക്കാര്യം ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബി.എസ്.എന്‍.എല്ലിനെ ഒഴിവാക്കുന്നത് റിലയന്‍സ് ജിയോക്ക് വേണ്ടിയാണെന്ന് ആക്ഷേപമുണ്ട്.

ബി.എസ്.എന്‍.എല്ലിന് നഷ്ടപ്പെട്ട കരാര്‍ കേന്ദ്ര – ഐ.ടി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ‘സി.എസ്.സി ഇ-ഗവേണന്‍സ് സര്‍വിസസ്’ എന്ന, പ്രത്യേകം രൂപവത്കരിച്ച കമ്പനിക്കാണ്. ഇവരില്‍നിന്ന് സ്വകാര്യ കമ്പനികള്‍ക്ക് ഉപകരാര്‍ ലഭിക്കുമെന്ന് പറയുന്നു. അതിനിടെ, എതിരാളികളായ റിലയന്‍സ് ജിയോയും എയര്‍ടെല്ലും വോഡഫോണ്‍ – ഐഡിയയും ഉയര്‍ത്തുന്ന താരിഫ് വെല്ലുവിളിയില്‍ പിടിച്ചു നില്‍ക്കാന്‍ ബി.എസ്.എന്‍.എല്‍ പ്രയാസപ്പെട്ടു തുടങ്ങി. കോംബോ പ്ലാനുകളില്‍ സമയ പരിധിയില്ലാതെ നല്‍കിയ സൗജന്യ കോള്‍ ഓഫര്‍ പിന്‍വലിച്ചു. പകരം ദിവസം 250 മിനിറ്റ് സൗജന്യ കോള്‍ എന്ന് മാറ്റം വരുത്തി. അത് കഴിഞ്ഞാല്‍ കാള്‍ ചാര്‍ജ് ഈടാക്കും. ഇത് വരിക്കാരെ നഷ്ടപ്പെടുത്താന്‍ ഇടയാക്കുമെങ്കിലും അതിനെക്കാള്‍ പ്രധാനം വരുമാന വര്‍ധനവാണെന്ന നിലപാടിലാണ് ബി.എസ്.എന്‍.എല്‍.

Top