ഓണം ഘോഷയാത്ര ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്ക് ശേഷം അവധി

തിരുവനന്തപുരം : ഓണം വാരാഘോഷ സമാപന പരിപാടികള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സെപ്തംബര്‍ 16 ന് ഉച്ചക്ക് 12 മണിക്ക് ശേഷം അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷണന്‍. നഗരത്തില്‍ കനത്ത സുരക്ഷയാണ് ഓണം ഘോഷയാത്രയോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്.

പ്രധാന വേദിയായ കനകക്കുന്നില്‍ നാര്‍ക്കോട്ടിക്സ് സെല്‍ ഡി വൈ എസ് പി ഷീന്‍ തറയിലിന്റെ നേതൃത്വത്തില്‍ നൂറോളം പൊലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷയൊരുക്കും. ഇവര്‍ക്കു പുറമേ മൂന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, ഷാഡോ പൊലീസ് സംഘം, 15 സ്‌ട്രൈക്കര്‍മാര്‍, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കായി പിങ്ക് പട്രോള്‍, വനിതാ ബറ്റാലിയന്‍ ഉദ്യോഗസ്ഥര്‍ എന്നിവരും കനകക്കുന്ന് പരിസരത്ത് സുരക്ഷാ വലയം തീര്‍ക്കും.

കനകക്കുന്നിലും പരിസരത്തുമായി 30 ഓളം ക്യാമറകളും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. നിരീക്ഷണത്തിനായി പ്രത്യേക കണ്‍ട്രോള്‍ റൂമും സജ്ജീകരിച്ചിരിക്കുന്നു. നഗരത്തിനു പുറത്തുള്ള പ്രധാന വേദികളിലും പഴുതടച്ച സുരക്ഷ സംവിധാനം പൊലീസ് ഒരുക്കും. ഇതിനായി 1500-ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിയോഗിച്ചിരിക്കുന്നത്.

Top