ശബരിമലയിൽ കനത്ത തിരക്ക്; തിരക്ക് നിയന്ത്രിക്കാൻ നിർദേശങ്ങളുമായി ഹൈക്കോടതി

പത്തനംതിട്ട: അവധിദിവസങ്ങൾ എത്തിയതോടെ ശബരിമലയിലെ ഭക്തജന തിരക്കേറി. നിലയ്ക്കലിൽ ആയിരക്കണക്കിന് തീർത്ഥാടകരാണ് മലകേറാനായി എത്തി ചേരുന്നത്. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ നിർദേശങ്ങളുമായി ഹൈക്കോടതി. തിരക്ക് കൂടുതലുള്ള ദിവസങ്ങളിൽ അഷ്ടാഭിഷേകത്തിന്റ എണ്ണം കുറയ്ക്കുന്ന കാര്യം പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചു. 75,000-ത്തിന് മുകളിൽ തീർത്ഥാടകർ എത്തുന്ന ദിവസം അഷ്ടാഭിഷേകം നിയന്ത്രിക്കാൻ നടപടി വേണം.

തിരക്ക് നിയന്ത്രിക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെങ്കിൽ അത് പബ്ലിക് അനൗൺസ്മെന്റ് സംവിധാനം വഴി തീർഥാടകരെ അറിയിക്കണമെന്നും ഹൈക്കോടതി ദേവസ്വം ബോർഡിനോട് നിർദേശിച്ചു. പമ്പ – നിലയ്ക്കൽ ചെയിൻ സർവീസിന് ആവശ്യമായ ബസുകൾ ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടർ ഇക്കാര്യം ഉറപ്പക്കാണമെന്നും ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ട് വാഹനങ്ങളാൽ നിറഞ്ഞു കഴിഞ്ഞു. ഇതേ തുട‍ർന്ന് ഇലവുങ്കൽ മുതൽ വാഹനങ്ങളെ നിയന്ത്രിച്ച് കടത്തി വിടുകയാണ്. നിലവിൽ സന്നിധാനത്ത് ഉള്ള തീർത്ഥാടകർ തിരിച്ചിറങ്ങിയാൽ മാത്രമേ ളാഹ മുതൽ പമ്പ വരെയുള്ള ഗതാഗതക്കുരുക്കിന് പൂർണ്ണ പരിഹാരമാകൂ.

ശബരിമലയിൽ ഇന്നലെ മുതൽ തുടങ്ങിയ ഭക്തജന തിരക്കാണ് ഇന്നത്തേക്ക് കൂടുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. വിർച്വൽ ക്യൂ വഴി 94,369 പേരാണ് ഇന്ന് ദർശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്. തിരക്ക് കൂടിയതോടെ പമ്പ മുതൽ സന്നിധാനം വരെ പോലീസ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുല്ലുമേട് – സത്രം വഴിയും കൂടുതൽ തീർത്ഥാടകർ എത്തി തുടങ്ങി. ഇന്നലെ മാത്രം 7281 പേരാണ് പുല്ലുമേട് വഴി സന്നിധാനത്ത് എത്തിയത്.

 

Top