സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരും; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധനാഴ്ച കോഴിക്കോടും തീവ്രമഴക്ക് സാധ്യതയുണ്ട്. ശക്തമായ മഴക്കൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശും. ഉയര്‍ന്ന തിരമാലയുണ്ടാകാനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ചൊവ്വാഴ്ച വരെ കടലില്‍ പോകരുതെന്നാണ് നിര്‍ദേശം.

നാളെ മലപ്പുറം ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ടാകും. ഇടിയും മിന്നലും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്. നാളെ വരെ കേരള കര്‍ണാടക തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് പോകരുത് എന്നാണ് മുന്നറിയിപ്പ്.

ബംഗാള്‍ ഉള്‍ക്കടലില്‍ അടുപ്പിച്ചുണ്ടാകുന്ന ന്യൂന മര്‍ദ്ദത്തിന് പിന്നാലെ അറബികടലിലും ന്യൂന മര്‍ദ്ദം രൂപപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തെക്കുകിഴക്കന്‍ അറബിക്കടലില്‍ കേരളത്തിന് സമീപം രൂപപ്പെട്ട ചക്രവാത ചുഴി നാളെക്കുള്ളില്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്.

Top