കനത്ത മഴ; ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചു

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചു. ഇനി അറിയിപ്പുണ്ടാകുന്നത് വരെ കോട്ടയം വഴിയായിരിക്കും സര്‍വീസ് നടത്തുക. ട്രാക്കിലേക്കു മരം വീണ് തുടര്‍ച്ചയായി തടസ്സങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ മുന്‍കരുതലെന്ന നിലയിലാണ് നടപടി.

ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി, ബംഗളുരു-കൊച്ചുവേളി എന്നീ ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിട്ടു. ഏറനാട് എക്‌സ്പ്രസ് കോട്ടയം വഴിയായിരിക്കും സര്‍വീസ് നടത്തുക. എറണാകുളം-ആലപ്പുഴ പാസഞ്ചറും ആലപ്പുഴ-എറണാകുളം പാസഞ്ചറും സര്‍വീസ് നടത്തില്ല.

എറണാകുളം- ആലപ്പുഴ പാസഞ്ചര്‍ (56379), ആലപ്പുഴ- എറണാകുളം പാസഞ്ചര്‍ (56302), എറണാകുളം-കായംകുളം പാസഞ്ചര്‍ (56381), കായംകുളം- എറണാകുളം പാസഞ്ചര്‍ (56382), എറണാകുളം- കായംകുളം പാസഞ്ചര്‍ (56387), കൊല്ലം- എറണാകുളം മെമു (കോട്ടയം വഴി) (66301), കൊല്ലം എറണാകുളം മെമു (ആലപ്പുഴ വഴി) എന്നീ ട്രെയിനുകള്‍ രാവിലെ തന്നെ റദ്ദാക്കിയിരുന്നു.

Top