heavy rains lash andhra-telangana- hyderabad’s lowlying areas

ഹൈദരാബാദ്: കഴിഞ്ഞ നാലു ദിവസമായി തെലങ്കാനയിലും ആന്ധ്രാപ്രദേശിലും തുടരുന്ന കനത്ത മഴയില്‍ രണ്ടു കുട്ടികളും ഒരു സ്ത്രീയുമടക്കം അഞ്ചു പേര്‍ മരിച്ചു.

കനത്ത മഴയില്‍ ഇരു സംസ്ഥാനങ്ങളുടെയും തലസ്ഥാന നഗരമായ ഹൈദരാബാദില്‍ ജനജീവിതം ദുസ്സഹമായി. ഹൈദരാബാദിലെ ജനവാസകേന്ദ്രങ്ങളില്‍ വെള്ളം കയറിക്കിടക്കുകയാണ്.

പ്രദേശത്തെ കോളനികളിലും നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കഴിഞ്ഞ 12 മണിക്കൂറില്‍ 22 സെന്റീമീറ്റര്‍ മഴയാണ് ഈ പ്രദേശത്ത് രേഖപ്പെടുത്തിയത്.

അടുത്ത 48 മണിക്കൂറില്‍ കനത്ത മഴ തുടരുമെന്നും എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് തെലങ്കാന ഗവണ്‍മെന്റ് അറിയിച്ചു. രണ്ടു ദിവസത്തേക്ക് സ്‌കൂളുകള്‍ക്കെല്ലാം അവധി നല്‍കിയതോടൊപ്പം സോഫ്‌റ്റ്വെയര്‍ കമ്പനികള്‍ തൊഴിലാളികള്‍ക്ക് രണ്ടു ദിവസം വീട്ടിലിരുന്നു ജോലിയ ചെയ്യാന്‍ അവസരമൊരുക്കണമെന്നും ഗവണ്‍മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാറുകളുടെ അഭ്യര്‍ഥന മാനിച്ച് ദേശീയ ദുരന്തനിവാരണ സേനയും ആര്‍മിയും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. 500 കുടുംബങ്ങളെ സേനകള്‍ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

മഴ കനത്തതോടെ വിമാനങ്ങളുടെ സമയം നാലു മണിക്കൂറോളം മാറ്റി നിശ്ചയിച്ചു. ട്രെയിനുകള്‍ വഴിതിരിച്ചു വിടുകയാണ്. ഹൈദരാബാദിലെ പല പ്രദേശങ്ങളും ഒറ്റപ്പെട്ടു കിടക്കുകയാണ്.

ഹൈദരാബാദിലെ ഹുസൈന്‍ സാഗര്‍ തടാകത്തിലെ ജലനിരപ്പ് അപകടരേഖയോട് അടുത്തു കിടക്കുകയാണ്. ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ അശോക്‌നഗര്‍, ഗാന്ധിനഗര്‍, നാരാണ്ഗുഡ, ബാഗ് ലിംഗംപള്ളി, നല്ലകുണ്ട എന്നീ ജനവാസ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും അധികൃതര്‍ അറിയിച്ചു.

ഇതുവരെ അയ്യായിരത്തിലധികം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഹൈദരാബാദിന് പുറമെ തലങ്കാനയിലെയും ആന്ധ്രയിലേയും വിവിധ നഗരങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top