സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴ കനക്കുന്നു; മലപ്പുറത്തും പാലക്കാടും ഉരുള്‍പൊട്ടല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. പാലക്കാട് ജില്ലയിലെ മംഗലം ഡാം പരിസരത്ത് രണ്ടിടത്ത് ഉരുള്‍പൊട്ടി. അപകടത്തില്‍ ആളപായമില്ല. കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയില്‍ 19 കുടുംബങ്ങളിലെ 83 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. വൈത്തിരി താലൂക്കില്‍ മൂന്നും മാനന്തവാടി താലൂക്കില്‍ ഒന്നും ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞെങ്കിലും തുറന്ന മൂന്ന് ഷട്ടറുകളും ഇന്ന് അടക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. മലപ്പുറത്തും ഉരുള്‍പൊട്ടല്‍ ഉണ്ടായി. കൂടാതെ, അതിരപ്പള്ളി, വാഴച്ചാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും അടച്ചു.

പാലക്കാട് ജില്ലയില്‍ വൈകിട്ടോടെ കനത്ത മഴയാണ് പെയ്തത്. നാല് മണിയോടെ പെയ്ത മഴ അരമണിക്കൂറിലേറെ നീണ്ടു. മലയോര മേഖലകളായ അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും മഴ ശക്തി പ്രാപിച്ചിട്ടുണ്ട്. ഇതിനിടെയാണ് മംഗലം ഡാം വിആര്‍ടിയിലും ഓടത്തോട് പോത്തന്‍തോടിലും ഉരുള്‍പൊട്ടിയത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മംഗലം ഡാം പൊലീസ് അറിയിച്ചു.

ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം, മുന്‍കരുതലിന്റെ ഭാഗമായി ഉരുള്‍ പൊട്ടല്‍ ഭീഷണിയുള്ളിടങ്ങളില്‍ നിന്നും 273 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലെ ഡാമുകളിലെ ജലനിരപ്പ് ക്രമീകരിച്ചതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Top