തമിഴ്‌നാട്ടില്‍ കനത്ത മഴ; നാല് ജില്ലകളിലെ സ്‌കൂളുകള്‍ അടച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴ. ചെന്നൈ ഉള്‍പ്പെടെ നാല് ജില്ലകളിലെ സ്‌കൂളുകള്‍ വരുന്ന രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. ദേശീയ ദുരന്തനിവാരണ സമിതി തമിഴ്‌നാട്ടില്‍ എത്തിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിലാണ്. തിങ്കളാഴ്ച മഴ ഒഴിഞ്ഞുനില്‍ക്കുമെങ്കിലും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ തമിഴ്നാട്ടിൽ പെയ്തത് കനത്ത മഴയാണ്. 41 ശതമാനം അധിക മഴയാണ് ഇതുവരെ ലഭിച്ചത്. വെള്ളം കയറിയ മേഖലകൾ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സന്ദർശിച്ചു. ജലനിരപ്പ് ഉയർന്നതിനാൽ ചെമ്പാക്കം ജലസംഭരണി തുറന്നിട്ടുണ്ട്. ആവശ്യമെങ്കിൽ 2000ഘനയടിയോളം വെള്ളം ഒഴുക്കിവിടാനാണ് തീരുമാനം. വെള്ളക്കെട്ടിനെ തുടർന്ന് വിവിധ ട്രെയിൻ സർവീസുകൾ മുടങ്ങി. പല സർവീസുകളുടെയും സമയക്രമവും മാറ്റി. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

അതേസമയം,സ്റ്റാലിൻ സർക്കാർ ഇനിയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കനത്ത മഴയെ തുടർന്ന് തമിഴ്നാട്ടിലെ നാലു ജില്ലകളിലെ വിദ്യാലയങ്ങൾ അടയ്ക്കും. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് എന്നീ ജില്ലകളിലെ സ്കൂളുകൾക്കും കോളജുകൾക്കുമാണു രണ്ടു ദിവസത്തേക്കു മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മഴ നാശം വിതച്ച ചെന്നൈയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച മുഖ്യമന്ത്രി അതിതീവ്ര സാഹചര്യം നേരിടാൻ തയാറാകാൻ എല്ലാവരോടും ആഹ്വാനം ചെയ്തു.

Top