കര്‍ണാടക അടക്കം ദക്ഷിണേന്ത്യയിലും കനത്ത മഴ; തെലങ്കാനയില്‍ അടുത്ത മൂന്ന് ദിവസം റെഡ് അലര്‍ട്ട്

കേരളത്തിന് പുറമെ കര്‍ണാടക അടക്കം ദക്ഷിണേന്ത്യയിലും കനത്ത മഴ. തെലങ്കാനയില്‍ അടുത്ത മൂന്ന് ദിവസം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നലെ വൈകിട്ട് മുതല്‍ പെയ്ത കനത്ത മഴയില്‍ ഹൈദരാബാദ് നഗരത്തിന്റെ പലയിടങ്ങളിലും വെള്ളം കയറി. ദക്ഷിണ കന്നഡയില്‍ നദികളുടെ ജലനിരപ്പ് അപകടനിലക്ക് അടുത്തെത്തി. നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ആശങ്കയിലാണ്. ഉഡുപ്പിയില്‍ മൂന്ന് പേര്‍ വെള്ളത്തില്‍ മുങ്ങിമരിച്ചു.

നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. ദക്ഷിണ കന്നഡയില്‍ റെഡ് അലര്‍ട്ടുണ്ട്. ഇവിടെയും ഉഡുപ്പിയിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. തെലങ്കാനയിലെ നിരവധി ജില്ലകളില്‍ അടുത്ത നാലഞ്ച് ദിവസങ്ങളില്‍ മഴയുണ്ടാകും. ഇന്ന് മുതല്‍ വ്യാഴം വരെ റെഡ് അലര്‍ട്ടുമുണ്ട്. ഹൈദരാബാദില്‍ തിങ്കാളഴ്ച വൈകിട്ടുണ്ടായ അര മണിക്കൂര്‍ മാത്രം നീണ്ട കനത്ത മഴയില്‍ പലയിടങ്ങളിലും വെള്ളം കയറുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ഡല്‍ഹിയില്‍ യമുന നദി അപകടനിലക്ക് മുകളില്‍ തന്നെയാണ് ഒഴുകുന്നത്. ഇന്ന് രാവിലെ 205.45 മീറ്റര്‍ ഉയരെയാണ് നദിയിലെ ജലനിരപ്പ്.

Top