വടക്കന്‍ കേരളത്തില്‍ മഴ ശക്തം; കരിപ്പൂരില്‍ എത്തിയ വിമാനങ്ങള്‍ തിരിച്ചുവിട്ടു

കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ മഴ ശക്തമായതോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന മൂന്നു വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. ഇത്തിഹാദ് വിമാനത്തിന്റെ കരിപ്പൂര്‍- അബുദാബി സര്‍വീസ് റദ്ദാക്കുകയും ചെയ്തു. ഈ വിമാനം ഇനി വെള്ളിയാഴ്ച പുലര്‍ച്ചെയായിരിക്കും അബുദാബിയിലേക്ക് തിരിക്കുക.

വ്യാഴാഴ്ച പുലര്‍ച്ചെ 4.30ന് ഇറങ്ങേണ്ടിയിരുന്ന ബഹ്‌റൈന്‍- കരിപ്പൂര്‍ ഗള്‍ഫ് എയര്‍ വിമാനമാണ് ആദ്യം തിരിച്ചു വിട്ടത്, ഇത് കൊച്ചിയിലാണ് ലാന്റ് ചെയ്തത്. 6.30ന് കൊച്ചിയില്‍ എത്തിയ വിമാനം 7 മണിക്ക് ബഹ്‌റൈനിലേക്കു പോയി. പുലര്‍ച്ചെ 4.45ന് ഇറങ്ങേണ്ടിയിരുന്ന അബുദാബി- കോഴിക്കോട് ഇത്തിഹാദ് വിമാനം കോയമ്പത്തൂരിലേക്കാണ് തിരിച്ചുവിട്ടത്. ഇതിന്റെ അബുദാബിയിലേക്കുള്ള സര്‍വീസാണ് പിന്നീട് റദ്ദാക്കിയത്. ഈ വിമാനം ആദ്യം കൊച്ചിയിലേക്കാണ് തിരിച്ചുവിട്ടത്. എന്നാല്‍ കൊച്ചിയില്‍ എത്തി ലാന്റിങ്ങിന്റെ സമയത്ത് വിമാനത്തിന് വലിയ കുലുക്കം അനുഭവപ്പെട്ടു. ഇതേതുടര്‍ന്ന് വിമാനം കോയമ്പത്തൂരിലേക്ക് തിരിച്ചു വിടുകയായിരുന്നു. ഇതിനുശേഷം 10.55ന് കരിപ്പൂര്‍ ഇറങ്ങേണ്ടിയിരുന്ന എയര്‍ഇന്ത്യ എക്സ്പ്രസും കൊച്ചിയിലേക്ക് തിരിച്ചുവിട്ടു.

Top