ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം; ഹിമാചലിലും ഉത്തരാഖണ്ഡിലും 25 വരെ കനത്ത മഴ

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം. രാജ്യതലസ്ഥാനത്ത് പ്രളയ ഭീതിയുയര്‍ത്തി യമുനാ നദിയിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. അപകട രേഖയായ 205.33 കടന്ന് 206.75 ആണ് ഇന്നലെ വൈകിട്ടത്തെ ജലനിരപ്പ്. ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലുമുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് ഹരിയാനയിലെ തടയണ തുറന്നതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. തീരപ്രദേശത്തെ പല ഭാഗങ്ങളിലും വെള്ളം കയറിയതോടെ 27000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഡല്‍ഹി അതിര്‍ത്തിയില്‍ ഉത്തര്‍പ്രദേശിലെ നോയിഡയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലെ പലഭാഗങ്ങളിലും ഇന്നലെ കനത്ത മഴ പെയ്തു.

അതേസമയം മഴയിലും മേഘവിസ്ഫോടനത്തിലും ഉത്തരാഖഡ്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഹിമാചലിലും ഉത്തരാഖണ്ഡിലും 25 വരെ മഴ തുടരുമെന്നാണ് കാലവസ്ഥാ പ്രവചനം. മഹാരാഷ്ട്രയിലും ഗുജറാത്തിലും പ്രളയ മുന്നറിയിപ്പ് നല്‍കി. മഹാരാഷ്ട്രയില്‍ 4 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്. ഉത്തരകാശിയിലുള്ള പുരോല, ബാര്‍കോട്ട്, ദുണ്ട എന്നിവിടങ്ങളില്‍ 50 കെട്ടിടങ്ങള്‍ തകര്‍ന്നു. ഗുജറാത്തിലെ ജുനഗഢിലെ വെള്ളപ്പൊക്കത്തില്‍ നിരവധി വാഹനങ്ങളാണ് നശിച്ചത്. ഡല്‍ഹിയില്‍ യമുന നദിയിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലെത്തിയതോടെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ മാറി താമസിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിരവധി റോഡുകള്‍ മഴക്കെടുതിയെ തുടര്‍ന്ന് അടച്ചിട്ടുണ്ട്.

Top