ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷം; 3 ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 37 ആയി

ത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം. ഹിമാചല്‍ പ്രദേശില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹിയിലും അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. രും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഡല്‍ഹിയില്‍ യമുന നദിയിലെ ജലനിരപ്പ് അപകടനില കടന്നു. അടുത്ത 24 മണിക്കൂറില്‍ ആരും പുറത്തിറങ്ങരുതെന്ന് ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു ജനങ്ങളോട് അഭ്യര്‍ഥിച്ചു.

ഏറ്റവും കൂടുതല്‍ നാശമുണ്ടായ ഹിമാചല്‍പ്രദേശില്‍ മണ്ണിടിച്ചിലില്‍ 4 പേര്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ ജമ്മു-കശ്മീര്‍, ഹിമാചല്‍പ്രദേശ്, യുപി, ഡല്‍ഹി, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ 3 ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 37 ആയി. യുപിയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് 3 പേര്‍ മരിച്ചു. ഹിമാചലില്‍ 1,300 റോഡുകള്‍ തകര്‍ന്നു. ഷിംല-കല്‍ക്ക ഹൈവേയില്‍ ഗതാഗതം നിലച്ചു. വിനോദ സഞ്ചാരകേന്ദ്രമായ മണാലിയില്‍ കുടുങ്ങിയ 20 പേരെ രക്ഷപ്പെടുത്തിയെങ്കിലും 200ല്‍ അധികം പേര്‍ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നതായി അധികൃതര്‍ അറിയിച്ചു.

ഹരിയാനയില്‍ അംബാലയിലുള്ള ചമന്‍ വാടിക കന്യാസ്‌കൂളില്‍ കുടുങ്ങിയ 730 വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ കരസേന സിരക്പുരിലേക്കു തിരിച്ചു. ഡല്‍ഹിയില്‍നിന്ന് അംബാലയിലേക്കുള്ള 24 ട്രെയിനുകള്‍ റദ്ദാക്കി. പ്രളയം തുടരുന്ന സാഹചര്യത്തില്‍ പഞ്ചാബിലെ സ്‌കൂളുകള്‍ 13 വരെ അടച്ചിടാന്‍ തീരുമാനിച്ചു. ചണ്ഡിഗഡിലും 3 ദിവസമായി മഴയാണ്. ഡല്‍ഹിയില്‍ ഏതു സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ തയാറാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. സ്‌കൂളുകള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Top