കോട്ടയത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെ സഹായം തേടി

കോട്ടയം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയില്‍ കോട്ടയം ജില്ലയില്‍ മഴക്കെടുതി രൂക്ഷം. മഴക്കെടുതില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ജില്ലാ കലക്ടര്‍ സൈന്യത്തിന്റെ സഹായം തേടി. ഉരുള്‍പൊട്ടലുണ്ടായ കോട്ടയം പ്ലാപ്പള്ളിയില്‍ കാണാതായ 12 പേരില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്തെ മൂന്ന് വീടുകള്‍ ഒലിച്ചുപോയി. അമ്പതോളം പേരെ മാറ്റി പാര്‍പ്പിച്ചു.

കോട്ടയം ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ-താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു. മുണ്ടക്കയം- എരുമേലി ക്രോസ് വേ വെള്ളപ്പൊക്കത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്.

കാഞ്ഞിരപ്പള്ളി ടൗണിലും വെള്ളം കയറി. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലെ സാധനങ്ങളെല്ലാം മാറ്റുകയാണ്. ഇവിടെ രക്ഷാപ്രവര്‍ത്തനത്തിനായി കരസേനയെ വിന്യസിച്ചിട്ടുണ്ട്.

അതിനിടെ ഇടുക്കിയിലും പത്തനംതിട്ടയിലും ഉരുള്‍പൊട്ടി. എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അടുത്ത 24 മണിക്കൂര്‍ സംസ്ഥാനത്ത് ജാഗ്രതാനിര്‍ദേശമുണ്ട്. തെക്കന്‍-മധ്യ കേരളത്തിലാണ് ശക്തമായ മഴ തുടരുന്നത്.

വൈകുന്നേരത്തോടെ വടക്കന്‍ കേരളത്തിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലും കാറ്റും അനുഭവപ്പെടും. ജലനിരപ്പ് ഉയര്‍ന്നതോടെ അരുവിക്കര, നെയ്യാര്‍ ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി.

Top