മലയോര മേഖലകളില്‍ കനത്ത മഴ; ഇടുക്കിയില്‍ റെഡ് അലര്‍ട്ടിന് പകരം ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മലയോരമേഖലകളില്‍ മഴ തുടരുന്നു. അതേസമയം അതിതീവ്ര മഴയ്ക്ക് സാധ്യത പ്രവചിക്കപ്പെട്ട ഇടുക്കിയില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് ഇന്ന് ഉച്ചയോടെ പിന്‍ലിച്ചു. നിലവില്‍ ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടാണ് നിലവിലുള്ളത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളില്‍ കനത്ത മഴയാണ് ഇന്ന് പെയ്തത്. തിരുവമ്പാടി, കൂടരഞ്ഞി, മുക്കം ഭാഗങ്ങളിലാണ് ഉച്ച മുതല്‍ കനത്ത മഴ പെയ്യാന്‍ തുടങ്ങിയത്. ആനക്കാംപൊയില്‍ ഇരുവഴിഞ്ഞി പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. ഡ്രെയിനേജ് വഴി വെള്ളം ഒഴുകിപ്പോവാതായതോടെ തിരുവമ്പാടി ടൗണ്‍ വെള്ളത്തിലായി. പല സ്ഥലങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് വൈദ്യുത ബന്ധം തടസ്സപ്പെട്ടു. ചിലയിടങ്ങളില്‍ റോഡിലേക്ക് മരം കട പുഴകി വീണ് ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്.

ഇന്നലെയുണ്ടായ കനത്ത മഴയിലും കാറ്റിലും ഇടുക്കിയിലെ പെരുവന്താനം പഞ്ചായത്തില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്. ഒരു വീട് പൂര്‍ണമായും 25 ലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു. മൂന്നു പേര്‍ക്ക് പരിക്കേറ്റു.

പെരുവന്താനം പഞ്ചായത്തിലെ ചുഴുപ്പ്, കൊടികുത്തി, 35ാം മൈല്‍, കല്ലുകീറി തുടങ്ങിയ ഭാഗങ്ങളിലാണ് വന്‍ നാശനഷ്ടമുണ്ടായത്. ചുഴലിക്കാറ്റില്‍ നൂറുകണക്കിനു മരങ്ങള്‍ കടപുഴകി വീണു. പലയിടത്തും വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും മുകളിലേക്കാണ് മരങ്ങള്‍ വീണത്. വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പെരുവന്താനം പാരിസണ്‍ എസ്റ്റേറ്റിലെ ലയത്തിനു മുകളിലേക്ക് മരം വീണാണ് മൂന്നു തൊഴിലാളികള്‍ക്ക് പരിക്കേറ്റത്.

 

Top