ഗുജറാത്തില്‍ കനത്ത മഴ; ഡാമുകളും തുറന്നു,താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളടക്കം മുങ്ങി

അഹമ്മദാബാദ് : ഗുജറാത്തില്‍ കനത്ത മഴ. ഡാമുകള്‍ തുറന്നതോടെ ഗുജറാത്തിലെ വിവിധ ജില്ലകളില്‍ പ്രളയസമാന സാഹചര്യമാണ്. വെള്ളമുയര്‍ന്നതോടെ കുടുങ്ങിക്കിടന്ന നൂറുകണക്കിന് ആളുകളെ എന്‍ഡിആര്‍എഫ് സംഘം രക്ഷിച്ചു. ശനിയാഴ്ച മുതല്‍ പെയ്ത കനത്ത മഴയാണ് അപ്രതീക്ഷിതമായി ഗുജറാത്തില്‍ പ്രളയസമാന സാഹചര്യത്തിലേക്ക് നയിച്ചത്. നദികളെല്ലാം കരകവിഞ്ഞൊഴുകി. നര്‍മ്മദ അടക്കം ഡാമുകള്‍ കൂടി തുറന്നതോടെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളടക്കം മുങ്ങി.

ഗുജറാത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി പതിനായിരത്തോളം പേരെ മാറ്റി പാര്‍പ്പിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ കുടുങ്ങിയവരെ ബോട്ടുകളിലെത്തി എന്‍ഡിആര്‍എഫ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഭറൂച്ച്, നര്‍മ്മദ, വഡോദര, ആനന്ദ് , ദഹോദ് തുടങ്ങീ ജില്ലകളിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. ബറൂച്ച് അക്ലേശ്വര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം നിര്‍ത്തി വച്ചു.

Top