മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും മഴ ശക്തമാകും; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചതോടെ ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് തുടരും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം.

ലക്ഷദ്വീപ് തീരത്ത് മണിക്കൂറില്‍ അന്‍പത് മുതല്‍ അറുപത് കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശുന്ന സാഹചര്യത്തില്‍ മീന്‍പിടുത്തക്കാര്‍ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

Top