വിദേശരാജ്യങ്ങളുടെ സഹായം നിഷേധിച്ചു; മോദിയുടെ പേജില്‍ മലയാളികളുടെ പൊങ്കാല

modi

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ദുരിതകയത്തിലായ കേരളത്തിന് യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ നിരസിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ട് മലയാളികള്‍.
മോദിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ നിരവധി പേരാണ് പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

കേരളത്തിനുള്ള സഹായം നിഷേധിച്ചത് കേരളത്തിനോടുള്ള രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണെന്നാണ് ഇവരില്‍ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. അറബി നാട്ടില്‍ വര്‍ഷങ്ങളോളം വിയര്‍പ്പ് ഒഴുക്കിയതിന്റെ പ്രതിഫലമാണ് ഇപ്പോള്‍ കേരളത്തിന് ലഭിച്ച ധനസഹായമെന്നും അത് തടയാന്‍ ഒരു കേന്ദ്രത്തിനും അധികാരമില്ലെന്നും അവര്‍ പറയുന്നു.

ഇത്തരത്തിലുള്ള നെറികെട്ട രാഷ്ട്രീയത്തിലൂടെ കേരളത്തെ തകര്‍ക്കാമെന്ന് കേന്ദ്രം മോഹിക്കരുതെന്ന മുന്നറിയിപ്പും കമന്റുകളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് സൊമാലിയ പരാമര്‍ശത്തിന്റെ പേരില്‍ മലയാളികളുടെ ‘പോ മോനേ മോദി’ ഹാഷ്ടാഗ് രാജ്യത്താകെ ചര്‍ച്ചാ വിഷയമായിരുന്നു.

Top