സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഈ സാഹചര്യത്തില്‍ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്. ബംഗാള്‍ ഉള്‍ക്കടല്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതി തീവ്ര ന്യൂനമര്‍ദ്ദമായി മാറിയതിന്റെ ഫലമായാണ് സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകുന്നത്.

വടക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യുന മര്‍ദ്ദം, കഴിഞ്ഞ മണിക്കൂറുകളിലായി പടിഞ്ഞാറ് വടക്കുപടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 12 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് ശക്തി പ്രാപിച്ച് സീസണിലെ ആദ്യ അതി തീവ്ര ന്യൂന മര്‍ദ്ദമായി മാറുകയായിരുന്നു. അടുത്ത മണിക്കൂറുകളില്‍ വടക്ക്പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ശക്തി കുറഞ്ഞ തീവ്ര ന്യൂനമര്‍ദ്ദമാകും.

കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യത ഉള്ളതിനാല്‍ തീരവാസികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ബീച്ചുകളില്‍ പോകുന്നതും, കടലില്‍ ഇറങ്ങുന്നതും ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍, കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ കിട്ടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

Top