മണ്ണാര്‍ക്കാട് ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ടുകള്‍; ജനങ്ങള്‍ പരിഭ്രാന്തിയില്‍

earthquake

പാലക്കാട്: മണ്ണാര്‍ക്കാട് വട്ടപ്പാറയില്‍ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ടുകള്‍. കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നതിനിടെ ഭൂചലനമുണ്ടായത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി.

സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി വീണ്ടും പ്രളയം ഉടലെടുത്ത സാഹചര്യത്തില്‍ ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

വയനാടും വടകരയിലും അടക്കം ഉരുള്‍പ്പൊട്ടല്‍ മേഖലയില്‍ രക്ഷാ പ്രവര്‍ത്തക സംഘങ്ങള്‍ക്ക് പോലും എത്തിച്ചേരാനാകാത്ത അവസ്ഥയാണ് നില നില്‍ക്കുന്നത്. കനത്ത മഴക്കിടെയും അടിയന്തരമായി രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടപ്പാക്കുന്നതിനാണ് സംസ്ഥാന ഭരണകൂടം ശ്രമിക്കുന്നത്.

ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ ന്യൂനമര്‍ദ്ദവും ശാന്തസമുദ്രത്തില്‍ രൂപം കൊണ്ട ചുഴലിക്കാറ്റുമാണ് കാറ്റിന്റെും മഴയുടേയും ശക്തികൂട്ടിയതെന്നാണ് വിലയിരുത്തുന്നത്. തെക്കന്‍ ജില്ലകളില്‍ വ്യാപക മഴയുണ്ടെങ്കിലും വടക്കന്‍ ജില്ലകളില്‍ ഉള്ളതു പോലെ തീവ്രമായ മഴയോ അപകടങ്ങളോ ഉണ്ടായിട്ടില്ലെന്നത് ആശ്വാസമാണ്.

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ 11 ജില്ലകളില്‍ കേന്ദ്ര ജല കമ്മീഷന്‍ പ്രളയ സാധ്യത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലൂടെ ഒഴുകുന്ന നദികള്‍ കര കവിഞ്ഞൊഴുകാന്‍ സാധ്യതയുണ്ടെന്നും ഈ ജില്ലകളില്‍ പ്രളയ സാധ്യതയുണ്ടെന്നുമാണ് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്.

Top