സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. എവിടെയും തീവ്രമഴ മുന്നറിയിപ്പില്ലെങ്കിലും വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നിങ്ങനെ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. മധ്യ തെക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ കിട്ടും.

ഉച്ചയ്ക്ക് ശേഷം വടക്കന്‍ കേരളത്തിലും മഴ ശക്തമാകും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലയോരമേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണം. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്. ലക്ഷദ്വീപ് തീരത്തിന് സമീപമുള്ള ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. ചൊവ്വാഴ്ചയോടെ കേരളത്തില്‍ തുലാവര്‍ഷം തുടങ്ങുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് കോട്ടയത്തിന്റെ കിഴക്കന്‍ മേഖല. രാത്രിയില്‍ ശക്തമായ മഴ ഒരു പ്രദേശത്തും രേഖപ്പെടുത്തിയില്ല. ഒറ്റപ്പെട്ട ഇടങ്ങളില്‍ ചാറ്റല്‍ മഴ ഉണ്ടായിരുന്നു. പുലര്‍ച്ചയോടെ അതും നിലച്ചു. ഇന്നലെ വൈകിട്ട് അര മണിക്കൂറോളം സമയമുണ്ടായിരുന്ന കനത്ത മഴയില്‍ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നു.

മുണ്ടക്കയം വണ്ടംപതാലില്‍ ആള്‍പ്പാര്‍പ്പില്ലാത്ത മേഖലയില്‍ മണ്ണിടിച്ചിലുണ്ടായി. എരുമേലിയില്‍ ചെമ്പകപ്പാറ എസ്‌റ്റേറ്റിലെ തടയണതകര്‍ന്നു. മണിമലയാറ്റിലെ ജലനിരപ്പ് ഉയരുകയും കൈവഴി തോടുകള്‍ നിറഞ്ഞു കവിയും ചെയ്തതോടെ തീരത്തുള്ള വരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. നിലവില്‍ കോട്ടയം ജില്ലയില്‍ 36 ക്യാമ്പുകള്‍ ആണ് പ്രവര്‍ത്തിക്കുന്നത്.

Top