നാല് ദിവസം കൂടി കനത്ത മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. മഴയോടൊപ്പം ശക്തമായ ഇടിമിന്നലും കാറ്റും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് തുടങ്ങിയ അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനിടയില്‍ കാലവര്‍ഷം തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. അറബിക്കടലില്‍ അടുത്ത ഞായറാഴ്ചയോടെ ഇരട്ട ന്യൂനമര്‍ദത്തിന് സാധ്യതയുള്ളതിനാല്‍ ഇന്ന് മുതല്‍ കേരള തീരത്ത് മത്സ്യബന്ധനം പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. ഇപ്പോള്‍ ആഴക്കടലില്‍ ഉള്ളവര്‍ ഇന്ന് രാത്രിയോടെ മടങ്ങിയെത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യ കിഴക്കന്‍ അറബിക്കടല്‍ പ്രദേശത്തുമായി മെയ് 31 നോട് കൂടി ഒരു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് കേരള തീരത്ത് നിന്ന് അധികം അകലെയല്ലാത്ത പ്രദേശമാണ്. മധ്യ പടിഞ്ഞാറന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍ പ്രദേശത്തുമായി മറ്റൊരു ന്യൂനമര്‍ദം മെയ് 29 നോട് കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Top