പെരുമഴപ്പെയ്ത്ത്: ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍, നാളെയും കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെ മറ്റ് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടതും അതി ശക്തവുമായ മഴ പെയ്യനാണ് സാധ്യത. 24 മണിക്കൂറിനിടയില്‍ 24 സെന്റീമീറ്ററോളം മഴ പെയ്യാന്‍ സാധ്യതയുണ്ട്.

നാളെ മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ അതിശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ശക്തമായ മഴയുണ്ടാകും.

10-ാം തിയതി മഴയുടെ തീവ്രത കുറയുമെന്നാണ് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണുര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ട്.

11,12 തീയതികളില്‍ മഴയില്‍ കുറവ് സംഭവിക്കും. മലപ്പുറം മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ ശക്തമായ മഴയുണ്ടാകും. 24 മണിക്കൂറിനുള്ളില്‍ ഏഴുമുതല്‍ 14 സെന്റീമീറ്റര്‍ വരെ മഴ പെയ്തേക്കും.

കാറ്റ് ശക്തമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എട്ടുമുതല്‍ 11-ാം തീയതി വരെ കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. 12-ാം തീയതി വരെ അറബിക്കടലിന്റെ മറ്റ് ഭാഗങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല.ഛത്തീസ്ഗഡ് ഭാഗത്ത് ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നതിനാലാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്.

Top