അടുത്ത അഞ്ച് ദിവസത്തേയ്ക്ക് കൂടി മഴ തുടരും: ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം കൂടി കേരളത്തിലും ലക്ഷദ്വീപിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സെപ്റ്റംബര്‍ 22 വരെ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ 7 മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴ ലഭിക്കും.

കേരളത്തിലും ലക്ഷദ്വീപിലും തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായിരുന്നു. പാലക്കാടാണ് ശക്തമായ മഴ റിപ്പോര്‍ട്ട് ചെയ്തത്, 10 സെന്റിമീറ്റര്‍. കോട്ടയം, ചേര്‍ത്തല എന്നിവിടങ്ങളില്‍ അഞ്ച് സെന്റിമീറ്റര്‍ മഴയും മങ്കൊമ്പ്, കാഞ്ഞിരപ്പള്ളി, വൈക്കം, പിറവം, എറണാകുളം സൗത്ത്, പീരുമേട് എന്നിവിടങ്ങളില്‍ മൂന്ന് സെന്റിമീറ്റര്‍ വീതവും മഴ ലഭിച്ചു.

Top