സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത : നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് 29, 30, മേയ് ഒന്ന് തീയതികളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശ്രീലങ്കയുടെ തെക്കുകിഴക്ക് വ്യാഴാഴ്ചയോടെ രൂപംകൊള്ളുന്ന ന്യൂനമര്‍ദം തമിഴ്നാട് തീരത്ത് ചുഴലിക്കാറ്റായി എത്താന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഒരു ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ള ഈ ന്യൂനമർദം തമിഴ്നാട് തീരത്ത് നാശം വിതക്കാനുള്ള സാധ്യതയുണ്ട്. ഏപ്രിൽ 30 നോട് കൂടി തമിഴ്നാട് തീരത്ത് പതിക്കാൻ സാധ്യതയുള്ള ചുഴലിക്കാറ്റ് കേരളത്തിലും കർണാടക തീരത്തും ശക്തമായ മഴ നൽകാനിടയുണ്ട്. ഈ ന്യൂനമര്‍ദ്ദത്തിന്‍റെ പ്രഭാവത്തില്‍ നാളെ മുതല്‍ കേരളത്തില്‍ ശക്തമായ കാറ്റ് ( മണിക്കൂറില്‍ 30-40 കിമി മുതല്‍ ചില സമയങ്ങളില്‍ 50 കിമി വരെ വേഗത്തില്‍ ) വീശാന്‍ സാധ്യത ഉണ്ട്.

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് പ്രകാരം മത്സ്യത്തൊഴിലാളികൾ ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, തമിഴ്നാട് തീരത്തും ഈ സമയത്ത് മത്സ്യബന്ധനത്തിന് പോകരുത്.

കേരളത്തിൽ ചില സ്ഥലങ്ങളിൽ ഏപ്രിൽ 29 ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും 29 ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം (ശക്തമായ മഴ), എന്നീ ജില്ലകളിൽ മഴയുടെ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചതായും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ്.

Top