ശക്തമായ ന്യൂനമര്‍ദം ശക്തിപ്പടുന്നു ; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തലസ്ഥാനത്ത് 390 കിലോ മീറ്റര്‍ തെക്കുപടിഞ്ഞാറായി കടലില്‍ ശക്തമായ ന്യൂനമര്‍ദം ശക്തിപ്പടുന്നുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി. കാറ്റിന്റെ വേഗം മണിക്കൂറില്‍ 65 കിലോമീറ്റര്‍വരെ ആകാം. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലും തെക്കന്‍ തമിഴ്‌നാട്ടിലും ലക്ഷദ്വീപിലും കനത്ത ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്.

ശ്രീലങ്കയ്ക്കു പടിഞ്ഞാറും മാലദ്വീപിന് കിഴക്കും തെക്കന്‍ കേരളത്തിനു പടിഞ്ഞാറ് ലക്ഷദ്വീപുവരെയുമുള്ള കടലില്‍ 14 വരെ ആരും മത്സ്യബന്ധനത്തിന് പോകരുതെന്നാണ് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ ആരും കടലില്‍ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

നാളെയും മറ്റന്നാളും കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്യാനും സാധ്യതയുണ്ട്.

സംസ്ഥാനത്തെ എല്ലാ തുറമുഖങ്ങളിലും മൂന്നാം നമ്പര്‍ അപായസൂചന ഉയര്‍ത്തിയിട്ടുണ്ട്. തീരദേശ ജില്ലകളിലെ കലക്ട്രേറ്റുകള്‍ ഇരുപത്തിനാല് മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കണമെന്നാണ് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. പുനരധിവാസ കേന്ദ്രങ്ങള്‍ തയാറാക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടേയും ചീഫ് സെക്രട്ടറിയുടേയും നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. അടിയന്തര ഘട്ടം നേരിടാന്‍ തയാറാകണമെന്ന് വൈദ്യുതി ബോര്‍ഡിനും നിര്‍ദേശമുണ്ട്. തെക്കു–പടിഞ്ഞാറന്‍ മേഖലയിലാണു തീവ്രന്യൂനമര്‍ദം രൂപം കൊണ്ടിട്ടുള്ളതെന്നും സാഹചര്യം അടിയന്തരമായി വിലയിരുത്താന്‍ ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.


എല്ലാ തീരദേശ ദുരിതാശ്വാസ കേന്ദ്രങ്ങളും തയാറാക്കി വയ്ക്കാനും ഇവയുടെ താക്കോല്‍ തഹസില്‍ദാര്‍മാരുടെ കയ്യില്‍ സൂക്ഷിക്കാനും ജില്ലാ കലക്ടര്‍മാര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കെഎസ്ഇബിയുടെ കാര്യാലയങ്ങള്‍ അടിയന്തിരഘട്ടത്തില്‍ പ്രവര്‍ത്തിക്കാന്‍ പാകത്തില്‍ ഒരുക്കുക, തീരദേശ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 15 വരെ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.

ശ്രീലങ്കയ്ക്കു സമീപമുണ്ടായ ന്യൂനമർദം ശക്തി പ്രാപിച്ചു പടിഞ്ഞാറ്–വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു മാലദ്വീപിനു സമീപമെത്തുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.

Top