ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മിക്ക ജില്ലകളിലും ഇന്ന് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് ഒറ്റപ്പെട്ട ശക്തമായ മഴക്ക് കാരണം.

തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, കോട്ടയം, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് ആയിരിക്കും. അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തൃശൂര്‍ ചിമ്മിനി ഡാം ഇന്ന് തുറക്കും. ഡാമിന്റെ രണ്ട് ഷട്ടറുകള്‍ പത്ത് സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തുക. കുറുമാലി,കരുവന്നൂര്‍ പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണ കൂടം അറിയിച്ചു. പുഴയില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Top